കൊല്ലം- ഏഴു വയസ് പ്രായമുള്ള പെൺകുട്ടിയ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നു ജീവപര്യന്ത തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. 26 വർഷം കഠിനതടവും ഇയാൾക്ക് അനുഭവിക്കണം. പോസ്‌കോ ചുമതല കൂടിയുള്ള കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി ഇ ബൈജുവാണ് പ്രതിയായ രാജേഷിനെതിരെ (25) വിധി പ്രസ്താവിച്ചത്. കൊലപാതകം, പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം, തട്ടിക്കൊണ്ടു പോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ കേസുകളിലാണ് പ്രതിക്ക് മൂന്നു തവണ കാലത്തെ ജീവപര്യന്ത തടവും 3.20 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറും. ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കാത്തതെന്നും പറഞ്ഞു. പ്രതിയുടെ സഹോദരിയുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി.
2017 സെപ്‌തംബർ 27 നാണു കേസിനാസ്പദമായ സംഭവം. മുത്തശ്ശിയോടൊപ്പം ട്യൂഷന് പോകുകയയായിരുന്ന പെൺകുട്ടിയെ വഴിയിൽ വെച്ച് കണ്ടുമുട്ടിയ രാജേഷ് ട്യൂഷൻ കേന്ദ്രത്തിൽ ഇറക്കാമെന്നറിയിച്ചാണ് വാഹനത്തിൽ കയറ്റിയത്. തുടർന്ന് 16 കിലോമീറ്റർ ദൂരെയുള്ള കുളത്തുപുഴയിലെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതി മൃതശരീരം ഇവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അഞ്ചലിലെ പെൺകുട്ടിയുടെ കുടുംബത്തോടും താമസിക്കാറുണ്ടായിരുന്ന പ്രതി ഈ ബന്ധം മുതലെടുത്താണ് പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയതും റബ്ബർ തോട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയും. പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുൾ അഴിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തുപ്പുഴ ഫോറസ്‌റ്റിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിലും വായിലും കുറ്റവാളിയുടെ ഡിഎൻഎ കണ്ടെത്തിയതടക്കമുള്ള ഫോറൻസിക് തെളിവുകളാണ് പ്രതിക്കെതിരെ കോടതിയിൽ സമർപ്പിക്കപ്പെട്ടത്. പുനലൂർ ഡി വൈ.എസ്.പി ബി.കൃഷ്‌ണകുമാർ, അഞ്ചൽ സി.ഐ എ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചിരുന്നത്.