Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഓഫീസിനടുത്ത് കെ.എസ്.യു പ്രതിഷേധം; സുരക്ഷാവലയം ഭേദിച്ചു

തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളെജിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ പോലീസ് സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതിൽ ചാടി കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തി. മൂന്ന് വനിതാ പ്രവർത്തകരടക്കമുള്ളവരാണ് വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു. യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെ!ട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവരികയാണ്. പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതേതുടർന്ന് കർശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയത്.

സമരപ്പന്തലിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പോലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 

Latest News