റിയാദ്- ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ ഭീകരാക്രമണത്തിനിരായവരുടെ ബന്ധുക്കള്‍ ഇത്തവണ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി വിശുദ്ധ ഹജ് നിര്‍വഹിക്കാനെത്തും.
ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വംശീയവാദി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടേയും 200 ബന്ധുക്കള്‍ക്ക് ഹജിന് അവസരമൊരുക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി.
ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എല്ലാ മതങ്ങളും തിരസ്‌കരിച്ച ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് രാജാവ് കാണിച്ച കാരുണ്യത്തിന് മന്ത്രി നന്ദി പറഞ്ഞു.
ഭീകരതയേയും ഭീകരപ്രവര്‍ത്തകരേയും പരാജയപ്പെടുത്തണമെന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാടും രാജാവിന്റെ നിര്‍ദേശത്തിനു പ്രേരകമാണെന്ന് മന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് എംബസിയുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവിടെനിന്നുവരുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യവും ഒരക്കുമെന്നും അദ്ദേഹം പറഞ്ഞു.