മഞ്ചേരി-കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ- 15 ഐ ലീഗ് ടീമിലേക്ക് മഞ്ചേരി സ്വദേശി മർവാനു ക്ഷണം. കൊച്ചിയിൽ നടന്ന അവസാനഘട്ട സെലക്ഷനിൽ കാഴ്ച വെച്ച മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള അവസരമൊരുക്കിയത്. കഠിന പരിശ്രമം തന്നെയാണ് ഈ നേട്ടം കൈവരിക്കാൻ മഞ്ചേരിയിലെ ക്ലബ് ഓഫ് ജൂനിയർ ഫുട്‌ബോൾ അക്കാദമിയുടെ താരമായ മർവാനെ പ്രാപ്തനാക്കിയത്. സ്‌കൂൾ അധ്യാപകനും ഫുട്‌ബോൾ പരിശീലകനുമായ അഹ്സൻ ജവാദാണ് മാർവാനിലെ ഫുട്‌ബോൾ പ്രതിഭയെ കണ്ടെത്തിയത്. അക്കാദമിയിൽ സ്‌കോളർഷിപ്പുമായി പരിശീലനത്തിനു അവസരം ലഭിച്ചതോടെ താരം ശ്രദ്ധ നേടുകയായിരുന്നു. അഞ്ചാം തരം മുതൽ സ്‌കൂൾ ടീമിന്റെ പ്രതിരോധനിരയിൽ സ്ഥാനം പിടിച്ച മർവാന് കഴിഞ്ഞ വർഷം ദൽഹിയിലെ ബൈചൂങ് ബൂട്ടിയ എഫ്.സിയുടെ ഫൈനൽ സെലക്ഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇതിൽ പങ്കെടുക്കാൻ സാമ്പത്തികം തടസ്സമായി നിന്നപ്പോഴാണ് പഞ്ചാബിലെ റൗണ്ട് ഗ്ലാസ് സ്‌പോർട്‌സ് അക്കാദമിയിൽ നിന്നു ഏഴു ദിവസത്തെ സെലക്ഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം സുബൈദ അനുവദിച്ച സാമ്പത്തിക സഹായത്തോടെ സെലക്ഷനിൽ പങ്കെടുത്തുവെങ്കിലും ഭാഗ്യം തുണച്ചില്ല. മറ്റൊരു അവസരത്തിനായി രാവിലെയും വൈകുന്നേരവും കഠിന പ്രയത്‌നം ചെയ്ത മർവാനു കൂട്ടായിരുന്ന അബ്ദുറഹീമിനും ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ സെലക്ഷനു കൊച്ചിയിലേക്കു ക്ഷണം ലഭിച്ചിരുന്നു. സാമ്പത്തിക പ്രയാസമേറെയുണ്ടെങ്കിലും ഏറെ പ്രോത്സാഹനം നൽകി പിതാവ് മുജീബ് റഹ്മാനും മാതാവ് ഹസീനയും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മർവാനു കൂടെയുണ്ട്.