അബുദാബി- പതിനേഴുപേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസപകടത്തിന് സമാനമായി മറ്റൊരു അപകടം. മക്കയില്‍നിന്ന് ഉംറ കഴിഞ്ഞെത്തി യു.എ.ഇ വഴി ഒമാനിലേക്ക് പോകുകയായിരുന്ന ബസാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലെ ബാരിയറില്‍ ഇടിച്ചത്. പലതവണ ബസ് ബാരിയറില്‍ ഇടിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ അപകടം നടന്നയുടന്‍ പോലീസെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കുകയും തുടര്‍യാത്രക്ക് വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ജൂണില്‍ ദുബായിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു.