ജിദ്ദ- ഉംറ വിസയില്‍ പുണ്യ ഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മക്ക, മദീന,ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ ഇനി സൗദിയുടെ എല്ലാ ഭാഗങ്ങളിലേക്കും പോകാം. തീര്‍ഥാടകര്‍ക്ക് മറ്റു നഗരങ്ങളിലേക്ക് പോകുന്നതിനു നിലവിലുണ്ടായിരുന്ന വിലക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭാ യോഗം നീക്കി.
ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദിയിലെ ഏതു ഭാഗത്തുമുള്ള തങ്ങളുടെ ബന്ധുക്കളേയും ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇതോടെ അവസരമൊരുങ്ങും. നിലവില്‍ ഉംറ തീര്‍ത്ഥാടകര്‍ മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ ഒഴികെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമായിരുന്നു.
1404 മുഹറം ഒന്നിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടുന്ന ജിദ്ദക്കും പുറമേയുള്ള ഭാഗങ്ങളിലേക്ക് വിലക്ക് വന്നത്. ഉംറ വിസയിലെത്തി ജോലിക്ക് ശ്രമിക്കുന്നവര്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സൗദിയുടെ എല്ലാ ഭാഗത്തേക്കും സഞ്ചരിക്കാന്‍ അനുവാദമായെങ്കിലും ഉംറക്കാര്‍ക്കുള്ള മറ്റു നിബന്ധനകളെല്ലാം അതേപടി തുടരും. ഉംറാ വിസ കാലാവധി കഴിഞ്ഞ രാജ്യത്ത് തങ്ങിയാല്‍ വിലക്കേര്‍പ്പെടുത്തുന്നതിനു പുറമെ സൗകര്യം ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും.