Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴില്‍ കേസുകളുടെ വിധികള്‍ക്ക് അനന്തമായ  കാത്തിരിപ്പ്; തൊഴിലാളികള്‍ ദുരിതത്തില്‍ 

നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം തൊഴിലാളി ക്യാംപുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നു.

ദമാം- കിഴക്കന്‍ പ്രവിശ്യയിലെ പല കമ്പനികളിലെയും ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടും ദുരിതത്തിലാണ്. ഈ കമ്പനികളില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലകളില്‍ കോണ്‍ട്രാക്ടിങ് ജോലികള്‍ ചെയ്യുന്നവയാണ്. നാലു വര്‍ഷം മുമ്പ് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പോലും കഴിയാതെ വന്‍കിട കമ്പനികള്‍ പോലും തകര്‍ന്നടിഞ്ഞപ്പോള്‍ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന തൊഴിലാളികളില്‍ ഏറെ പേര്‍ ആനുകൂല്യങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ മറ്റ് മാര്‍ഗങ്ങളിലൂടെ നാട്ടിലേക്കു മടങ്ങുകയോ മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറ്റുകയോ ചെയ്യുകയായിരുന്നു. 
അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഹമദ് ദോസരി കമ്പനിയുടെ ആയിരത്തോളം തൊഴിലകളില്‍ എട്ടു മുതല്‍ പത്തു മാസത്തോളമായി ശമ്പളം കിട്ടാത്തവരുണ്ട്. അവരുടെ ജുബൈല്‍, ദമാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍, ദമാം 91 എന്നിവടങ്ങളിലെ ക്യാംപുകളില്‍ മലയാളികളടക്കം നാനൂറോളം ഇന്ത്യക്കാര്‍ ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വേണ്ടി വളരെയധികം ബുദ്ധിമുട്ടുകയാണ്. 
സൗദി തൊഴില്‍ വകുപ്പിന് ഇവര്‍ കൊടുത്ത പരാതിയില്‍ നിയമ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും പലപ്പോഴും സ്‌പോണ്‍സര്‍മാരുടെ നിസ്സഹകരണം നടപടികള്‍ വൈകിക്കുന്നു. തൊഴിലാളികളെല്ലാം രണ്ടു മുതല്‍ ഇരുപത്തിയയെട്ടു വര്‍ഷം വരെ ജോലി ചെയ്തവരാണ്.  ഈ വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രലയത്തിന്റെയും എംബസ്സിയുടെയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇത് വരെയും ഒരു പരിഹാരമായില്ല.  
പ്രവിശ്യയിലെ മറ്റൊരു പ്രമുഖ കമ്പനിയായ അസ്മില്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ രണ്ടായിരത്തോളം വരുന്ന തൊഴിലകളുടെ പ്രശ്‌നങ്ങളും ഇതില്‍ നിന്നും വിഭിന്നമല്ല. തൊഴിലാളികള്‍ കൊടും പട്ടിണിയിലും ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങളിലുമാണ്. കാലാവധി കഴിഞ്ഞ ഇഖാമയും ഉപയോഗമില്ലാത്ത ഇന്‍ഷുറന്‍സ് കാര്‍ഡുകളുമായി നിത്യ ചിലവിന് പോലും കഴിയാതെ നരകിക്കുകയാണ്. പ്രവിശ്യയിലെ പ്രമുഖ സംഘടനയായ നവോദയ സാംസ്‌കാരിക വേദി ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഓരോ പ്രദേശത്തെയും തൊഴിലാളി ക്യാംപുകളില്‍ കഴിഞ്ഞ ആറു മാസമായി  ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. കൂടാതെ വ്യത്യസ്ത കേന്ദ്രങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വൈദ്യ സഹായവും നല്‍കുന്നു. സൗദി തൊഴില്‍ വകുപ്പിലും, ഇന്ത്യന്‍ എംബസ്സിയിലും നിയമപരമായ രീതിയില്‍ ഈ വിഷയങ്ങള്‍ തൊഴിലാളികള്‍ മുഖേന അവതരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ദമാം സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം കേസുകളില്‍ ഉണ്ടാകുന്ന കാല താമസം പരിഹരിക്കുന്നതിനെക്കുറിച്ചും, തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ബോധിപ്പിച്ചിട്ടുണ്ട്.


അല്‍കോബാറിലും അല്‍ഹസ്സയിലുമായി പ്രവര്‍ത്തിക്കുന്ന നാസര്‍ ഹസ്സ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘ നാളത്തെ നിയമ നടപടികള്‍ക്കൊടുവില്‍ ആനുകൂല്യങ്ങള്‍ കിട്ടി തുടങ്ങിയിട്ടുണ്ടന്നും 
മറ്റു പല തൊഴില്‍ തര്‍ക്കങ്ങളിലും എംബസിയുടെ സഹായത്തോടെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം ചെയര്‍മാന്‍ ഇ.എം.കബീര്‍, കണ്‍വീനര്‍ നൗഷാദ് അകോലത്ത് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യന്‍ എംബസ്സിയെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും നിരന്തരം ബന്ധപെട്ട് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News