Sorry, you need to enable JavaScript to visit this website.

നെട്ടൂരില്‍ കൊല്ലപ്പെട്ട അര്‍ജുനെതിരെ അപവാദ പ്രചാരണമെന്ന് ബന്ധുക്കള്‍

കൊച്ചി- നെട്ടൂരില്‍ സുഹൃത്തുക്കള്‍ കൊല ചെയ്ത യുവാവിനെ ലഹരി മാഫിയയുടെ കണ്ണിയാക്കി മാറ്റാന്‍ ഗൂഢശ്രമമെന്ന് വീട്ടുകാരും ബന്ധുക്കളും. കുമ്പളം മാന്നനാട്ട് വിദ്യന്റെ മകന്‍ അര്‍ജുന്‍ കൊല്ലപ്പെട്ട ശേഷം കഴിഞ്ഞ ദിവസമായിരുന്നു സഞ്ചയന കര്‍മം. അര്‍ജുന്‍ മുമ്പ് വലിയ കുറ്റവാളിയായിരുന്നു എന്ന തരത്തില്‍ അപവാദ പ്രചരണം നടക്കുന്നതില്‍ ഗൂഢ നീക്കമുണ്ടെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം, ലഹരിയുടെ മയക്കത്തില്‍, അബദ്ധത്തില്‍ ചെയ്തതാണെന്ന തരത്തില്‍ കുറ്റവാളികളെ വെള്ളപൂശുന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നതെന്നും അവര്‍ പറയുന്നു.
കൊല നടന്ന ദിവസം പ്രതികള്‍ രാത്രി പത്തരയോടെ പേട്ടയിലെ ഒരു ബാറില്‍ കയറി മദ്യപിച്ച ശേഷം കൃത്യം നടന്ന സ്ഥലത്തെത്തി എന്നാണ് പുറത്ത് വരുന്ന വിവരം. ഈ സമയത്ത് തന്നെയാണ് അര്‍ജുന്‍ നെട്ടൂരിലെ ചതുപ്പ് നിലത്തെത്തിയതെന്നും വിശ്വസനീയമായ വിവരമുണ്ട്. എല്ലാ കാര്യങ്ങളും വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ട് പിടിക്കപ്പെട്ടപ്പോള്‍ മദ്യലഹരിയിലും, മയക്ക് മരുന്നിന്റെ ലഹരിയിലും അബോധാവസ്ഥയില്‍ ചെയ്തതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത് പ്രതികളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണോയെന്നും സംശയമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര്‍ജുന്റെ വസതിയിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

 

Latest News