തിരുവനന്തപുരം-കാര്യവട്ടം ക്യാമ്പസില്‍ നിന്നും ഒരാഴച മുന്‍പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ രണ്ടാം വര്‍ഷ എം.ടെക്. വിദ്യാര്‍ത്ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസിനുള്ളിലെ കാട്ടില്‍ നിന്നാണ് ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കാട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും ലഭിച്ചു. ഇവ പരിശോധിച്ചാണ് മൃതദേഹം ശ്യാനിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ശ്യാനിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാര്യവട്ടം ക്യാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ശ്യാന്‍ ക്യാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫഌറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു കോഴിക്കോട് വടകര സ്വദേശിയായ ശ്യാന്‍ രണ്ടു വര്‍ഷത്തിലേറെയായി താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ശ്യാന്‍ ഫഌറ്റില്‍ നിന്നും ഇറങ്ങുകയായിരുന്നു. രാത്രി ഏറെ വൈകിയും ശ്യാന്‍ വീട്ടില്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്.കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.