Sorry, you need to enable JavaScript to visit this website.

ബാങ്കിന്റെ ചൂഷണത്തിനെതിരെ ഒരു കുടുംബം കൂടി പോരാട്ടത്തിൽ 

എറണാകുളം ജില്ലയിൽ സാമ്പത്തിക കരിനിയമമായ സർഫാസി നിയമത്തിനെതിരെ നിരവധി കുടുംബങ്ങൾ പോരാട്ട പാതയിലാണ്. ഇപ്പോഴിതാ അതിന്റെ അലയൊലികൾ തൃശൂരിലും. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ നിന്ന് 300 മീറ്റർ മാറി താലോറിൽ നിന്നും തൃശൂരിലേക്കുള്ള പ്രധാന വഴിയിലാണ് ബാങ്കിന്റെ അന്യായമായ ജപ്തി ഭീഷണിക്കെതിരെ കുഞ്ഞിമോളും കുടുംബവും സമരരംഗത്തിറങ്ങിയിരിക്കുന്നത്. 
കുടിശ്ശിക തുക പലിശയടക്കം നൽകി പ്രശ്നം പരിഹരിക്കുവാൻ ഇവർ തയാറാണെങ്കിലും, രണ്ടര കോടിയോളം രൂപ വിലവരുന്ന പുരയിടം തട്ടിയെടുക്കാനാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ നീക്കം.
23.431 സെന്റ് വരുന്ന ഭൂമിയിലാണ് ഇവരുടെ വീട്. സർക്കാർ രേഖകൾ പ്രകാരം ഇവിടെ ഒരു ആർ സ്ഥലത്തിന് ഗവണ്മെന്റ് ഫെയർ വാല്യൂ തന്നെ 5,44,500 രൂപ വരും. അതനുസരിച്ചു രണ്ടര സെന്റ് ഭൂമിക്ക് 54 ലക്ഷത്തോളം രൂപ വില സർക്കാർ രേഖകൾ പ്രകാരം തന്നെ ഉണ്ട്. അതു കൊടുത്താൽ തീർക്കാവുന്ന വായ്പയുടെ പേരിലാണ് ഭൂമിയും കിടപ്പാടവും തട്ടിയെടുക്കാൻ ബാങ്ക് ശ്രമിക്കുന്നത്. 
കാഴ്ചയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള സഹോദരി സിനിമോളും അമ്മ ഷൈനിയും രണ്ടു കുട്ടികളും അടങ്ങുന്ന ദുർബല കുടുംബമാണ് കുഞ്ഞിമോളുടേത്. 1994 ൽ കുഞ്ഞിമോളുടെ പിതാവ് ചിറയത്ത് തൃശൂർക്കാരൻ വീട്ടിൽ വർഗീസ് പുതുക്കാട് നെടുങ്ങാടി ബാങ്കിൽ നിന്നും ബേക്കറി നടത്തുന്നതിനായി 1,30,000 രൂപ വായ്പയും 100,000 രൂപ ഓവർ ഡ്രാഫ്റ്റും എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബേക്കറി പലഹാരങ്ങളുടെ നിർമാണത്തിൽ 25 ഓളം തൊഴിലാളികളുമായി മികച്ചുനിന്നു സംരംഭം പല പ്രശ്നങ്ങൾ കൊണ്ടും പിന്നീട് നഷ്ടത്തിലായി. ബാങ്കിലെ അടവുകൾ തെറ്റി. 1997 ൽ 43,9370 രൂപ 20.5% പലിശ സഹിതം ഈടാക്കുന്നതിന് ഇരിങ്ങാലക്കുട സബ്കോടതിയിൽ നിന്നും ബാങ്ക് എക്സ് പാർട്ടി വിധി സമ്പാദിച്ചു. 2002 ൽ 7 97,000 രൂപക്ക് പുരയിടം ബാങ്ക് തന്നെ ലേലത്തിൽ പിടിച്ചു. നെടുങ്ങാടി ബാങ്ക് 2003 ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. എന്നാൽ തുടർന്നും കുടുംബം ഈ പുരയിടത്തിൽ തന്നെയാണ് ഇക്കാലമത്രയും താമസിച്ചു വന്നത്.
2003 ൽ എം എൽ എ ആയിരുന്ന കെ പി വിശ്വനാഥൻ റിസർവ് ബാങ്ക് ഗവർണർക്ക് ഈ വിഷയത്തിൽ കത്തയക്കുകയും വായ്പ വൺ ടൈം സെറ്റിൽമെന്റ് ആയി തീർത്തു പ്രശ്നം പരിഹരിക്കാൻ റിസർവ് ബാങ്ക് ഗവർണർ പഞ്ചാബ് നാഷണൽ ബാങ്കിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ വൺ ടൈം സെറ്റില്മെന്റിനായി വിളിച്ചു വരുത്തിയ ശേഷം തുക ഒടുക്കുന്നതിനു മുൻപ് അടയ്ക്കാനായി കൊണ്ടുവന്ന 2,30,000 രൂപ പലിശയിനത്തിലേ പരിഗണിക്കൂ എന്ന് ബാങ്ക് അറിയിച്ചു. 
തുടർന്ന് കുഞ്ഞിമോളും കുടുംബവും സെറ്റിൽമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ 2010 ൽ 45 ലക്ഷം രൂപക്ക് ബാങ്ക് ഈ വസ്തു മറ്റൊരാൾക്ക് ലേലത്തിൽ വിറ്റു. ലേലം കൊണ്ടയാൾ പിന്നീട് പണം തിരികെ വാങ്ങി ഇടപാടിൽ നിന്നും പിന്മാറി. 2018 സെപ്റ്റംബറിൽ ബാങ്ക് അധികൃതർ 26 ലക്ഷത്തോളമാണ് കുടിശ്ശിക ഉള്ളതായി കുടുംബത്തെ അറിയിച്ചത്.
തുക പലിശയടക്കം നൽകി പ്രശ്നം പരിഹരിക്കാൻ കുഞ്ഞിമോളും കുടുംബവും തയാറാണെങ്കിലും ഭൂമിയും പുരയിടവും കൈവശപ്പെടുത്താനായി ബാങ്ക് അധികൃതർ നിരന്തരമായി ശ്രമിക്കുകയാണ്. ഇന്ന് രണ്ടര കോടിയോളം രൂപ വിലവരുന്ന പുരയിടം തട്ടിയെടുക്കാനായി ബാങ്ക് അധികൃതർ ഭൂമാഫിയകളോടൊപ്പം കൂടി ഈ കുടുംബത്തിന്റെ വൈദ്യുതി ബന്ധം പത്തു വർഷം മുൻപ് വിഛേദിച്ചു. 
കാഴ്ചയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള സഹോദരിയുടെയും അമ്മയുടെയും കൂടെ രണ്ടു മക്കളെയും നോക്കിക്കൊണ്ട് പത്തു വർഷത്തോളമായി കുഞ്ഞിമോൾ ഈ വീട്ടിൽ താമസിക്കുകയാണ്. കുഞ്ഞിമോളുടെ വീടിനു മുമ്പിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് 2009 ലാണ് വൈദ്യുതി വകുപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടു പോയത്. ഭൂമിയുടെ ഉടമസ്ഥാവകാശം ബാങ്കിനാണ് എന്നാണ്  വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചത്. കുടുംബത്തെ ഒഴിപ്പിക്കുവാനായി 2011 ൽ ബാങ്ക് അധികൃതർ കള്ളക്കേസ് കൊടുത്തിരുന്നു. ബാങ്ക് അധികൃതരും ഭൂമാഫിയയും പോലീസ് വകുപ്പിനൊപ്പം ചേർന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നിരാലംബരായ ഈ കുടുംബത്തിനെതിരെ നടത്തുന്നത്. വീട്ടുവളപ്പിലെ വാടക ഷെഡിൽ താമസിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ ഉൾപ്പെടുത്തി 2011 ൽ കള്ളക്കേസ് ചമച്ചു. പുതുക്കാട് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സിഐ. പി എസ് സുരേഷ്, എസ് ഐ ശിവശങ്കരൻ എന്നെ പോലീസുകാരുടെ ഇടപെടൽ കൊണ്ട് അക്കാലത്തു കുഞ്ഞിമോളും അമ്മയും വിയ്യൂർ ജയിലിൽ 15 ദിവസം റിമാൻഡ് ചെയ്യപ്പട്ടു. സഹോദരി സിനിയെ പോലീസ് അഗതി മന്ദിരത്തിൽ ആക്കി. ജയിലിലായ സമയത്തു 2011 ഒക്ടോബർ 21 നു ഇവരുടെ വീടിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ബാങ്ക് അധികൃതർ തകർത്തു. തുടർന്ന് അന്നേ ദിവസം കുഞ്ഞിമോളുടെ മാതൃ സഹോദരൻ ജോൺ ജോസഫ് ജില്ലാ കലക്ടർക്കും ഡി. സി. പിക്കും പരാതി നൽകിയിട്ടാണ് ബാങ്ക് അതിൽ നിന്നും പിന്മാറിയത്.
ഇപ്പോൾ 2019 ജൂലൈ 4 നു കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായിരിക്കുകയാണ്. ബാങ്കിന്റെ കുടിശ്ശികത്തുകയ്ക്ക് തുല്യമായ ഭൂമി പുരയിടമിരിക്കുന്ന 23.431 സെന്റ് ഭൂമിയിൽ നിന്നും അളന്നു അടയാളപ്പെടുത്താനും അതിനായി താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയുമാണ് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. എന്നാൽ പണത്തിനു തുല്യമായ ഭൂമിയല്ല പുരയിടം പണയപ്പെടുത്തി ഭൂമി മുഴുവനും ബാങ്കിനോട് ചേർക്കണം എന്ന നിലപാടിലാണ് ബാങ്കധികൃതർ. ഇത്തരത്തിൽ ഭൂമി കണക്കാക്കുമ്പോൾ രണ്ടര സെന്റോളം ഭൂമി അളന്നെടുക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും എന്നതാണ് ബാങ്കിനെയും ഭൂമാഫിയയെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

Latest News