ബാഗ്പത്- താടി വെച്ചതിനും ജയ് ശ്രീറാം വിളിക്കാത്തതിനും ഉത്തര്‍പ്രദേശില്‍ പള്ളി ഇമാമിന് മര്‍ദനം. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മദ്രസാ വിദ്യാര്‍ഥികളെ ആക്രമിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. ബാഗ്പത് ജില്ലയില്‍ 12 യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
താടിയുള്ളതു കൊണ്ടാണ് തന്നെ ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പള്ളി ഇമാമായ ഇംലാഖുറഹ്്മാന്‍ മുസഫര്‍ നഗറിലെ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് യുവാക്കള്‍ തടഞ്ഞുനിര്‍ത്തിയതെന്ന് പോലീസ് സൂപ്രണ്ട് ശൈലഷ്‌കുമാര്‍ പാണ്ഡേ പറഞ്ഞു. താടി വടിച്ച ശേഷം ബാഗ്പതിലേക്ക് വന്നാല്‍ മതിയെന്ന് യുവാക്കള്‍ ഇമാമിനെ ഭീഷണിപ്പെടുത്തി. അതു വഴിവന്ന രണ്ടു നാട്ടുകാരാണ് ഇമാമിനെ അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തിയത്.
അതിനിടെ മദ്രസാ വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകരെ ഉന്നാവോ പോലീസ് കുറ്റവിമുക്തരാക്കി. വേറെ നാല് പ്രതികളെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് കുട്ടികളെ ആക്രമിച്ചതെന്നാണ് മദ്രസാ അധ്യാപകന്‍ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും മറ്റു നാലുപേരെയാണ് കണ്ടതെന്നും ഉന്നാവോ പോലീസ് പറയുന്നു.