തിരുവനന്തപുരം-യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്, എ.എന്‍.നസീം എന്നിവര്‍ പിടിയിലായി. ഒളിവിലായിരുന്ന ഇവര്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികളാണ്. കേശവദാസപുരത്തു വെച്ചാണ് കന്റോണ്‍മെന്റ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ശിവരഞ്ജിത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമായിരുന്നു. കേസില്‍ നാലുപേര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരാണ് പിടിയിലായത്.
കേസില്‍ എട്ടു പേര്‍ക്കുവേണ്ടിയാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്. ഇനി മൂന്ന് പേര്‍ പിടിയിലാകാനുണ്ട്.
നിസാമും ശിവരഞ്ജിത്തും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്കിലെ വീട്ടില്‍നിന്ന് എഴുതാത്ത നാലുകെട്ട് ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. യൂണിവേഴ്‌സിറ്റിയുടെ എംബ്ലമുള്ളവയാണ് ഉത്തരക്കടലാസുകള്‍. യൂണിയന്‍ നേതാക്കളില്‍ പലരും കോപ്പിയടിച്ചാണ് പരീക്ഷപാസാവുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമാണോ കോളജിലുള്ളതുതന്നെയാണോ എന്നും പോലീസ് പരിശോധിക്കും.
കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന് 13 ശതമാനം ഗ്രേയ്‌സ് മാര്‍ക്ക് ബേസ് ബോള്‍ പ്ലെയര്‍ എന്ന നിലയില്‍ കിട്ടിയിരുന്നു. ഇത് ഈ സീല്‍ ഉപയോഗിച്ച് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നേടിയതാണോയെന്നാണ് സംശയം.