മലപ്പുറം - സംസ്ഥാനത്തെ റോഡുകളുടെ നിർമാണത്തിൽ ജിയോ ടെക്സുകൾ നിർബന്ധമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. നിലവിൽ സ്വാഭാവിക റബർ ചേർത്ത ബിറ്റുമിനൊപ്പം ഷ്രഡ് പ്ലാസ്റ്റിക് ഷീറ്റുകൾ കൂടി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം കയർ ജിയോ ടെക്സുകൾ കൂടി നിർബന്ധമാക്കും. ഇതിലൂടെ റോഡിന്റെ ഗുണമേന്മക്കൊപ്പം കയർ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. എടക്കര-മരുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആസ്തി വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ സംരക്ഷണത്തിലും സർക്കാർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. മഴക്കാലം കഴിയുന്നതോടെ ഓരോ മണ്ഡലത്തിലേക്കും നാലു മുതൽ അഞ്ചു കോടി വരെ മെയിന്റനൻസ് ഇനത്തിൽ നൽകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ പാലവും റോഡും കെട്ടിടങ്ങളും വരുന്നതോടൊപ്പം പുതിയ സംസ്‌കാരവും രൂപപ്പെടുത്താൻ നമുക്കാവണം. പാതയോരങ്ങളിലെ പാർക്കിംഗിൽ ഒരു പുതിയ ശീലം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. കാൽനടക്കാർക്ക് കൂടി മാന്യമായ പരിഗണന നൽകണം. പ്രാദേശിക ഭരണകൂടങ്ങൾ സംസ്ഥാന സർക്കാരുമായി ചേർന്നു പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിലെ എടക്കര മുസ്‌ല്യാരങ്ങാടിയിൽ നിന്നു ആരംഭിച്ചു മരുത നഞ്ചൻകോട് റോഡിൽ അവസാനിക്കുന്ന ഈ റോഡിന് 12.800 കിലോമീറ്റർ ദൈർഘ്യമുണ്ട്. നിലവിൽ ശരാശരി 3.80 മീറ്റർ ടാറിങ് വീതിയുള്ള റോഡ് 5.50 മീറ്റർ വീതിയിൽ ആക്കി ബി.എം ആൻഡ് ബി.സി ചെയ്യുകയും അത്യാവശ്യ സ്ഥലങ്ങളിൽ കാനകളുടെ നിർമാണം, കലുങ്കുകളുടെ നിർമാണം, സംരക്ഷണ ഭിത്തികളുടെ നിർമാണം, റോഡ് സുരക്ഷക്കായുള്ള റോഡ് മാർക്കിംഗ്, സൂചന ബോർഡ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി.