തിരുവനന്തപുരം-യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.
ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡില്‍ സര്‍വകലാശാലയുടെ എഴുതാത്ത നാല് ബണ്ടില്‍ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. കോപ്പിയടിക്ക് ഉപയോഗിക്കാനാണ് എഴുതാത്ത ഉത്തര കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. ഇതേപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയശേഷമായിരുന്നു പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് ആരംഭിച്ചത്.
റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി.
പ്രധാന പ്രതികളായ എട്ടുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.