തലശ്ശേരി- പ്രശസ്ത സലഫി പണ്ഡിതനും പ്രഭാഷകനും കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ (കെ.എന്‍.എം) നേതാവുമായിരുന്ന കെ.കെ സക്കരിയാ സലാഹി വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൂത്തുപറമ്പനുസമീപം മനേക്കരയില്‍ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിച്ചാണ് അപകടം. ഉടന്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മംഗലശ്ശേരിയിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്‌വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും നേടി.
കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്്‌ലാം അറബി കോളേജ് അധ്യാപകനായിരുന്നു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എന്‍.എം ഫത് വ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുജാഹിദ് നേതൃത്വത്തിലെ പിളര്‍പ്പിനുശേഷം വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് മിഷന്റെ ഭാഗമായെങ്കിലും ഏറ്റവും ഒടുവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സൗദി അറേബ്യയിലായിരുന്ന അദ്ദേഹം ഏതാനും മാസങ്ങള്‍ മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.