Sorry, you need to enable JavaScript to visit this website.

നടിയുടെ കേസ് ശരിയായ ദിശയിലല്ലെന്ന് ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം- കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട  കേസില്‍ അന്വേഷണം ശരിയായ ദിശയില്ലെന്ന് ഡിജിപി സെന്‍കുമാര്‍. ഇന്ന് സ്ഥാനമൊഴിയാനിരിക്കെയാണ് ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തന്റെ അതൃപ്തി പരസ്യമാക്കിക്കൊണ്ട് അദ്ദേഹം സര്‍ക്കുലര്‍ അയച്ചത്.
സന്ധ്യ തനിച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപ് ഒരു കാര്യവും അറിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ദിലീപ്, നാര്‍ദിര്‍ഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണെന്നും ഡി.ജി.പി കുറ്റപ്പെടുത്തുന്നു.  അന്വേഷണ സംഘത്തിലെ മറ്റൊരു ഐ.ജിയായ പി.വിജയനും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല. ഇത് ശരിയല്ലെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നുമാണ് ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്നത്് അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.   എഡിജിപി സന്ധ്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് സര്‍ക്കുലര്‍.
നടന്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ വഴിത്തിരിവിലെത്തിയ കേസില്‍ ഡിജിപിയുടെ ആരോപണം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടേയും ഡിജിപി സ്ഥാനത്ത് തിരിച്ചെത്തുന്ന ലോക്‌നാഥ് ബെഹ്‌റയുടേയും തീരുമാനം നിര്‍ണായകമാകും.
കഴിഞ്ഞ ദിവസം ദിലീപിന്റെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുണ്ട്.

Latest News