തിരുവനന്തപുരം - യൂനിവേഴ്‌സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളിൽ രണ്ടു പേർ പി.എസ്.സിയുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ. ഒന്നാം പ്രതിയും യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. ജൂലൈ ഒന്നിന് നിലവിൽവന്ന സിവിൽ പോലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാണ് ശിവരഞ്ജിത്ത്. രണ്ടാം പ്രതിയും കോളേജ് യൂനിറ്റ് സെക്രട്ടറിയുമായ നസീം ഇതേ ലിസ്റ്റിൽ 28-ാം റാങ്കുകാരനാണ്. റാങ്ക് ലിസ്റ്റിന്മേൽ പി.എസ്.സി നിയമന ശുപാർശ ഒരു മാസത്തിനകം അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് യൂനിവേഴ്‌സിറ്റി കോളേജിലെ സംഘർഷങ്ങളുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ശിവരഞ്ജിത്തിന് പി.എസ്.സി പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്‌പോർട്‌സിലെ വെയിറ്റേജ് മാർക്കായി 13.58 മാർക്ക് ഉൾപ്പെടെ 91.91 മാർക്ക് ലഭിച്ചു. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പാളയത്ത് ട്രാഫിക് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.
അതിനിടെ, ഇരുവരും പതിവായി ക്ലാസിൽ കയറാത്തവരാണെന്നും, പതിനായിരങ്ങൾ എഴുതുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇവർ ഉയർന്ന റാങ്ക് നേടിയത് അദ്ഭുതമാണെന്നും സഹപാഠികൾ പറയുന്നു. മാത്രമല്ല, കാസർകോട് ജില്ലയുടെ പി.എസ്.സി പരീക്ഷ ഇരുവരും എഴുതിയത് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ തന്നെയാണ്. ഇവർക്ക് ഇവിടെ തന്നെ പരീക്ഷാ സെന്റർ കിട്ടിയതിനും, ഉയർന്ന റാങ്ക് കിട്ടിയതിനും പിന്നിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണമുയരുകയാണ്. ഇതിന് പിന്നിൽ പി.എസ്.സി ഉന്നതർക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.
ശിവരഞ്ജിത്തും, നസീമും ഒരിക്കൽ പോലും ക്ലാസിൽ കയറുന്നത് കണ്ടിട്ടില്ലെന്നാണ് സഹപാഠികൾ പറയുന്നത്. എന്നിട്ടും ഇവർക്ക് കോളേജിൽ നിന്ന് മതിയായ ഹാജർ അനുവദിച്ചിരുന്നു. ഇത് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും സഹായത്തോടെയാണെന്ന് വ്യക്തം.