റിയാദ് - രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,80,000 ലേറെ ഇഖാമ, തൊഴിൽ നിയമ ലംഘകരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2017 നവംബർ 15 മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെ നടത്തിയ റെയ്ഡുകളിൽ ആകെ 34,89,854 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 27,21,206 പേർ ഇഖാമ നിയമ ലംഘകരും 5,38,862 പേർ തൊഴിൽ നിയമ ലംഘകരും 2,29,786 പേർ നുഴഞ്ഞു കയറ്റക്കാരുമാണ്.
ഇക്കാലയളവിൽ അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 58,843 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 47 ശതമാനം യെമനികളും 50 ശതമാനം ഏതോപ്യൻ വംശജരും മൂന്ന് ശതമാനം മറ്റുള്ള വിദേശികളുമാണ്.
അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 2,558 പേരും സുരക്ഷാ വകുപ്പുകൾ പിടിയിലായി.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുത്തുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അറസ്റ്റിലായ 3996 പേരിൽ 1380 പേർ സ്വദേശികളാണ്. ഇവരിൽ 1343 പേർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു വിട്ടയച്ചു.
നിലവിൽ 12,702 വിദേശ നിയമ ലംഘകരാണ് നിയമ നടപടികൾ പൂർത്തിയാക്കുന്നതും കാത്ത് വിവിധ തർഹീലുകളിൽ കഴിയുന്നത്. ഇതിൽ 10,866 പുരുഷന്മാരും 1836 സ്ത്രീകളുമുണ്ട്.
ഇതുവരെ 4,96,525 വിദേശികൾക്കെതിരെ ഉടനടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകൾക്ക് 4,50,109 പേരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. 5,75,775 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു വരികയാണ്. ഇക്കാലയളവിൽ 8,68,065 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.