റിയാദ് - അനധികൃത മാർഗത്തിൽ മറ്റുള്ളവരുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
കുറ്റവാളികൾ മൂന്ന് വർഷം വരെ ജയിൽവാസമോ 20 ലക്ഷം റിയാൽ പിഴ ഒടുക്കേണ്ടതായോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒന്നിച്ചനുഭവിക്കേണ്ടിയോ വരും. കൂടാതെ, സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും പ്രോഗ്രാമും ഇതിലൂടെ സമ്പാദിച്ച തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ വ്യക്തമാക്കി.
അതിനാൽ ബാങ്ക് അക്കൗണ്ട ്- ക്രെഡിറ്റ് കാർഡ്, ഓണർഷിപ്പ് വിവരങ്ങൾക്ക് വ്യവസ്ഥാപിത രൂപത്തിലൂടെ മാത്രമേ ബാങ്കിനെ സമീപിക്കാവൂ എന്നും പ്രോസിക്യൂഷൻ ഉണർത്തി.
ഒരു വ്യക്തി ഡാറ്റ, മെസേജ്, വോയ്‌സ്, ചിത്രങ്ങൾ എന്നിങ്ങനെ തന്റെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്ന വിവരങ്ങൾ ഡിജിറ്റൽ, കോഡ്, ലെറ്റർ രൂപങ്ങളിലായി അനുവാദം കൂടാതെ പ്രചരിപ്പിക്കുന്നത് സൈബർ കുറ്റകൃത്യമായാണ് പരിഗണിക്കുക.
സൈബർ ആക്രമണം പ്രതിരോധിക്കുന്നതിന് ലോകമെമ്പാടുമുള്ള ബാങ്കിംഗ് സ്ഥാപനങ്ങൾ പ്രതിവർഷം 100 ബില്യൺ ഡോളർ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. അതേസമയം, സൈബർ ആക്രമണം നിമിത്തം ബാങ്കുകൾക്ക് 600 ബില്യൺ ഡോളർ നഷ്ടം നേരിടുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ബാങ്കിംഗ് ഇടപാടുകൾക്ക് പബ്ലിക് വൈഫൈ സംവിധാനം ഉപയോഗിക്കരുതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഓൺലൈൻ ബാങ്കിംഗ് നടത്തുന്ന വേളയിൽ ഇതര ബ്രൗസിംഗ് വിൻഡോകൾ ക്ലോസ് ചെയ്യുക, ലോഗൗട്ട് ചെയ്യുമ്പോൾ ഓട്ടോ കംപ്ലീഷനും പാസ്‌വേഡ് ഓർമിക്കൽ സേവനവും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സൈബർ സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പിൽ പറയുന്നു. വ്യാജ സൈറ്റുകൾ സന്ദർശിക്കുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്ന മെസേജുകളും ഇ മെയിലുകളും അവഗണിക്കണമെന്നും സൈബർ സെക്യൂരിറ്റി വൃത്തങ്ങൾ ഉപയോക്താക്കളെ ഓർമിപ്പിച്ചു. അംഗീകൃത ഓൺലൈൻ സ്ഥാപനങ്ങളിൽനിന്ന് മാത്രം പർചേയ്‌സ് ചെയ്യുന്നതിനും കംപ്യൂട്ടറുകളിൽ ഒറിജിനൽ ആന്റിവൈറസ് ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.