ജിദ്ദ- മക്കാ റൂട്ട് പദ്ധതി വഴി ഇന്നലെ വരെ 36,744 ഹാജിമാർ എത്തിയെന്ന് ജനറൽ ജവാസാത്ത് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ 2,25,000 ഹാജിമാർക്കാണ് സ്വദേശങ്ങളിൽനിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഇറങ്ങാൻ അവസരം ലഭിക്കുക.
ഇതിൽ മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 57 വിമാനങ്ങളിലായി 232,427 ഉം ജിദ്ദ കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 33 വിമാനങ്ങളിലായി 13,317 ഉം തീർഥാടകരുമാണ് എത്തിയതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രസ്താവനയിൽ വിശദീകരിച്ചു.
ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള വിഷൻ-2030ന്റെ ഭാഗമായാണ് ഇ-വിസ ഇഷ്യു ചെയ്യൽ, എമിഗ്രേഷൻ ക്ലിയറൻസ്, ആരോഗ്യ പരിശോധനക്കുള്ള സൗകര്യം പരിശോധിക്കൽ, പ്രീ ബാഗേജ് സംവിധാനം, സൗദിയിലെ ഗതാഗത താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യൽ എന്നിവയെല്ലാം നാട്ടിൽനിന്ന് തന്നെ പൂർത്തിയാക്കാൻ തീർഥാടകരെ സഹായിക്കുന്ന ഈ പദ്ധതി സൗദി ഭരണകൂടം നടപ്പിലാക്കുന്നത്. അടുത്ത വർഷം മുതൽ ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ മക്ക റൂട്ട് പദ്ധതിയിൽ ഭാഗഭാക്കാകും.