Sorry, you need to enable JavaScript to visit this website.

സൗദിയിൽ മൊബൈൽ വിൽപന  കുറയുന്നുവെന്ന് വ്യാപാരികൾ

ജിദ്ദ - സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചതിന് ശേഷം സൗദിയിൽ മൊബൈൽ വിൽപന മന്ദഗതിയിലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. മൊബൈൽ ഫോണുകൾ വാങ്ങാൻ മുൻകാലങ്ങളെ അപേക്ഷിച്ച് ആവശ്യക്കാർ നന്നെ കുറവാണെന്ന് ജിദ്ദയിലെ പ്രമുഖ മൊബൈൽ ഷോപ്പുടമ മുഹമ്മദ് അൽ അഹ്ദൽ സാക്ഷ്യപ്പെടുത്തുന്നു. ഇതുമൂലം മൊബൈൽ ഫോണുകളുടെ വില 10 ശതമാനമെങ്കിലും ഇടിഞ്ഞിട്ടുണ്ട്. 
1500 റിയാൽ വിലയുണ്ടായിരുന്ന ഫോണുകൾക്ക് 1300 റിയാലും 2000 റിയാലിന്റെ മൊബൈലിന് 1500 റിയാലുമാണ് ഇപ്പോഴത്തെ വില. 7000 റിയാൽ വില മതിക്കുന്ന മുന്തിയ മൊബൈൽ ഫോണുകൾ ഇപ്പോൾ 6000 റിയാലിനും 3800 റിയാലിന്റെ ഫോണുകൾ നിലവിൽ 3300 റിയാലിനും ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മൊബൈൽ ഫോണുകൾക്ക് മാത്രമല്ല, ഉപയോഗിച്ച മൊബൈലുകൾ, ബാറ്ററികൾ, ഇയർ ഫോണുകൾ, ആക്‌സസറീസ് തുടങ്ങി മൊബൈലിന്റെ അനുബന്ധ സാമഗ്രികളുടെയും വില ഗണ്യമായ തോതിൽ ഇടിഞ്ഞിട്ടുണ്ടെന്ന് മറ്റൊരു ഷോപ്പ് ഉടമയായ മുഹമ്മദ് അൽഗാംദി വെളിപ്പെടുത്തി. 
ചൈനീസ് ഫോണുകൾ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണെന്നും ഗുണമേന്മയിലും സവിശേഷതകളിലും മറ്റും ഇതര സ്മാർട്ട് ഫോൺ കമ്പനികൾ ഇവയിൽനിന്ന് കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൊബൈൽ ഫോണുകളുടെ വില നിർണയിക്കുന്നതിൽ വിപണിയിലെ ആവശ്യത്തിന് വലിയ സ്വാധീനമുണ്ട്. ലോകോത്തര നിലവാരമുള്ള മൊബൈൽ ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ടെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും മുഹമ്മദ് അൽഗാംദി കൂട്ടിച്ചേർത്തു. സ്‌ക്രീനിന്റെ വലിപ്പം, ക്യാമറയുടെ മികവും കൃത്യതയും എന്നിവയും വില നിർണയത്തിൽ മുഖ്യ ഘടകമാണ്. കൂടാതെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാർക്കറ്റായ സൗദി അറേബ്യയിൽ വേരുറപ്പിക്കാനുള്ള മൊബൈൽ ഫോൺ കമ്പനികൾ തമ്മിലുള്ള മത്സരവും വിലയെ സ്വാധിനീക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 
അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ സൗദിയിൽ 9.1 ബില്യൺ റിയാലിന് മൊബൈൽ ഫോൺ ഇറക്കുമതി ചെയ്തുവെന്ന് സൗദി കസ്റ്റംസ് അതോറിറ്റി അധികൃതർ വെളിപ്പെടുത്തി.
2018 ജനുവരി ഒന്ന് മുതൽ ഈ വർഷം ജൂൺ അവസാനം വരെ സൗദി അറേബ്യയിൽ 25.9 ബില്യൺ റിയാലിന് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു. ചൈന, വിയറ്റ്‌നാം, ഇന്ത്യ, അമേരിക്ക, യു.എ.ഇ, തായ്‌വാൻ, ദക്ഷിണ കൊറിയ, അയർലാൻഡ്, ന്യൂസിലാൻഡ്, ജർമനി, ഗിനിയ, ഇന്തോനേഷ്യ, ഹോങ്കോംഗ്, മെക്‌സിക്കോ, ബ്രിട്ടൻ, ഹംഗറി, തായ്‌ലാന്റ്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സൗദിയിലേക്ക് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്നത്. 

 

Latest News