ജിദ്ദ- ഹജ് സീസൺ ജോലികൾ വ്യവസ്ഥാപിതമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ പുതിയ സേവനം. ഹജ് വേളയിലെ താൽക്കാലിക തൊഴിൽ അവസരങ്ങൾ അജീർ വെബ് പോർട്ടൽ വഴി പരസ്യപ്പെടുത്തുന്നതിനാണ് പദ്ധതി.
ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ തങ്ങൾക്ക് കീഴിലുള്ള തസ്തികകൾ അജീർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്താൻ മന്ത്രാലയം നിഷ്‌കർഷിക്കും. ഇതൊടൊപ്പം സീസൺ ജോലി ചെയ്യുന്നതിന് താൽപര്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും തങ്ങളുടെ അഭിരുചിക്കും യോഗ്യതകൾക്കും അനുസൃതമായ ജോലി ലഭിക്കുന്നതിന് തങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാനും സാധിക്കും. മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങളിൽ മാത്രമേ കമ്പനികൾക്ക് സീസൺ തൊഴിലാളികളെ നിയമിക്കാൻ സാധിക്കൂ. എന്നാൽ ഗാർഹിക തൊഴിലാളികളെയും സന്ദർശക വിസയിൽ സൗദിയിലെത്തിയവരെയും സീസൺ ജോലിക്ക് നിയോഗിക്കാനാവില്ലെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ഹജ് സീസൺ ജോലികൾക്ക് ഏതെങ്കിലും സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഏക അംഗീകൃത സംവിധാനമാണ് അജീർ വെബ് പോർട്ടൽ.
ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും തമ്മിൽ കരാറിൽ ഏർപ്പെട്ടതിന് ശേഷം അജീർ പോർട്ടൽ വഴി അനുമതിപത്രം നേടിയാൽ മാത്രമേ സീസൺ ജോലി ചെയ്യാൻ സാധിക്കൂ. സേവനം ഉപയോഗപ്പെടുത്താൻ മുഴുവൻ ഹജ് സർവീസ് കമ്പനികളും പൊതുജനങ്ങളും അജീർ പോർട്ടലിൽ (www.ajeer.com.sa) രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അഭ്യർഥിച്ചു. വിശദാംശങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 920002866 ൽ വിളിക്കാവുന്നതാണ്. ഹാജിമാർക്ക് പരമാവധി സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.