കാസര്‍കോട്- കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെങ്കിടങ്ങിലെ രാരി രവി (29) യാണ് അറസ്സിലായത്. വിസ വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി രാജപുരം പാലങ്കല്ല് സ്വദേശി തോമസ് കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
രാജപുരം സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ ഹൊസ്ദുര്‍ഗ് ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാനഡയിലേക്ക് വിസയുണ്ടെന്നു സുഹൃത്തുക്കളില്‍ നിന്നറിഞ്ഞാണ് തോമസ് കുട്ടി പ്രതിയുമായി ബന്ധപ്പെട്ടത്. പിന്നീട് ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറി. എന്നാല്‍ ഒരു വര്‍ഷം ആയിട്ടും വിസ ലഭിച്ചില്ല. ഇതോടെയാണ് തോമസ് കുട്ടി പോലീസില്‍ പരാതി നല്‍കിയത്. വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും രാരി രവി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഇപ്രകാരം തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരില്‍ കേസ് ഉണ്ട്. എറണാകുളത്ത് പ്രതി നടത്തിയ അറ്റ്‌ലസ് ട്രാവല്‍സും ആറുമാസമായി പൂട്ടിയ നിലയിലാണ്. രാരി രവിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് രാജപുരം സി.ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.