റാസല്‍ഖൈമ- മേഖലയിലെ ഏറ്റവും വലിയ വാഹന രജിസ്‌ട്രേഷന്‍ കേന്ദ്രം റാസല്‍ഖൈമയില്‍ വരുന്നു. രണ്ട് മാസത്തിനുള്ളില്‍ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. പ്രതിദിനം 1,000 വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി സര്‍വീസ് വില്ലേജായിരിക്കും ഇതെന്ന് റാസല്‍ഖൈമ പോലീസ് പറഞ്ഞു.
ഇന്ധനം നിറയ്ക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക എന്നിയുള്‍പ്പെടെ വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാകും. റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയടക്കം സമ്പൂര്‍ണ വാഹന ഗ്രാമമായാണ് നിര്‍മാണം.
അരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ എട്ട് പരിശോധനാ വരികളുണ്ടായിരിക്കും. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലായിരിക്കും വാഹന പരിശോധന. നമ്പര്‍ പ്ലേറ്റുകളുടെ നിര്‍മാണവും ഇവിടെ നടക്കും. ഒരേസമയം 360 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങള്‍, നോട്ടറി പബ്ലിക് എന്നിവക്ക് ഇവിടെ ശാഖകളുണ്ടാകും.