Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ്  ഒരു മാസം കൂടി

റിയാദ്- ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകർക്ക് പിഴയോ തടവോ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് നീട്ടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ശവ്വാൽ ഒന്നു മുതൽ ഒരു മാസത്തേക്കാണ് പൊതുമാപ്പ് കാലയളവ് ദീർഘിപ്പിച്ചതെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
റമദാൻ അവസാനിച്ചതോടെ സമാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താൻ  സാധിക്കാത്ത വിദേശികൾ ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ആവശ്യപ്പെട്ടു. 
തടവ്, പിഴകൾ, ഫീസുകൾ, വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളിൽനിന്ന് പൊതുമാപ്പിൽ കീഴടങ്ങി മടങ്ങുന്നവർക്ക് ഇളവ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
സുരക്ഷാവിഭാഗം മുമ്പാകെ കീഴടങ്ങുന്ന ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകരെ സ്വീകരിക്കാൻ  മുഴുവൻ പ്രവിശ്യകളിലേയും ജവാസാത്ത് കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കാൻ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശിച്ചതായി ജവാസാത്ത് മേധാവി പറഞ്ഞു. പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് നാഷണൽ ഇൻഫർമേഷൻ സെന്ററുമായും മുഴുവൻ സുരക്ഷാവിഭാഗങ്ങളുമായും സഹകരിച്ച് കാമ്പയിൻ വിജയിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജവാസാത്ത് വെബ്‌സൈറ്റുകളിലും ഔദ്യോഗിക അക്കൗണ്ടുകളിലും ഇതുസംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ശീർഷകത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച സമഗ്ര ദേശീയ കാമ്പയിൻ ഒരു മാസം കൂടി നീട്ടിയത് അവശേഷിക്കുന്ന നിയമലംഘകർക്ക്   അനുഗ്രഹമാകും.

Latest News