മഞ്ചേരി - മഞ്ചേരി വീമ്പൂരിൽ ഗെയിൽ പൈപ്പ് ലൈനിൽ ചോർച്ച. ഉയർന്ന മർദത്തിൽ വെള്ളം കടത്തിവിട്ട് ലൈനിന്റെ ക്ഷമത പരിശോധിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി ചോർച്ച നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വെള്ളമൊഴുകുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലത്തുനിന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് മണ്ണു മാറ്റി നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയത് കണ്ടത്. ഇതോടെ നാട്ടുകാർ വലിയ ഭീതിയിലാണുള്ളത്. വെള്ളം കടത്തിവിട്ടപ്പോൾ തന്നെ ചോർന്ന പൈപ്പിലൂടെ വാതകം കടത്തിവിടുന്നത് ജനങ്ങളുടെ ജീവനെവെച്ചുള്ള പന്താടലാണെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്ത് രണ്ട് അടി മാത്രം താഴെയാണ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്.
നേരത്തെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ ഈ പ്രദേശത്ത് ശക്തമായ സമര പരിപാടികൾ നടന്നിരുന്നു. പുതിയ സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
എന്നാൽ സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൈപ്പ് സ്ഥാപിച്ച ശേഷം നടത്തുന്ന സുരക്ഷാ പരിശോധനകളിൽ ഇത്തരം ചോർച്ചകൾ ഉണ്ടാകാറുണ്ടെന്നും നിരവധി പരിശോധനകൾ നടത്തിയ ശേഷം മാത്രമേ ഗ്യാസ് കടത്തിവിടൂ എന്നും ഗെയിൽ അധികൃതർ പറഞ്ഞു. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.