ദുബായ്- യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഹസ്സ അല്‍ മന്‍സൂരിയും പകരക്കാരനായ സുല്‍ത്താന്‍ അല്‍ നെയാദിയും മോസ്‌കോയില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സ്വദേശത്തെ യുവാക്കള്‍ക്ക് ആവേശം പകര്‍ന്നു. ജര്‍മനിയിലെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും േമാസ്‌കോയില്‍ എത്തിയത്. സെപ്റ്റംബര്‍ 25ന് സോയൂസ് പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര.
ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും പ്രവര്‍ത്തനം, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവയില്‍ യാത്രികര്‍ പരിശീലനം നേടി. റഷ്യന്‍ ഭാഷയും പഠിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ), നാസ എന്നിവിടങ്ങളിലും പരിശീലനം നേടി. ഭാവിയിലെ യു.എ.ഇ ബഹിരാകാശ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും.
വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ 30 മണിക്കൂര്‍ നീണ്ട തിയറി, പ്രാക്ടിക്കല്‍ പരിശീലനമാണ് ഇരുവരും പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹസ്സയും സുല്‍ത്താനും പരിശീലനം പൂര്‍ത്തിയാക്കി പറക്കാനുള്ള തയാറെടുപ്പിലാണ്. ഹസ മന്‍സൂറിന് അവസാന നിമിഷ തടസ്സങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സുല്‍ത്താന് അവസരം ലഭിക്കൂ.