മക്ക- ഈ വർഷത്തെ ഹജിന് അൽമുഅയ്സിമിലെ കശാപ്പുശാലകളിൽ സ്വദേശി തടവുകാർക്ക് തൊഴിൽ ലഭ്യമാക്കുന്നു.
ഇതിനുള്ള കരാറിൽ ജയിൽ വകുപ്പും ബലിമാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള വകുപ്പും ഒപ്പുവെച്ചു. മക്കയിലെ ജയിലുകളിൽ കഴിയുന്ന സ്വദേശി തടവുകാർക്കും ജയിൽ മോചിതരായവർക്കുമാണ് ഹജ് ദിവസങ്ങളിൽ അൽമുഅയ്സിമിലെ കശാപ്പുശാലകളിൽ ജോലി ലഭിക്കുക. പദ്ധതി നടപ്പാക്കുന്നതിൽ ഭാഗഭാക്കാകുന്ന വിവിധ കമ്പനികളിലും തടവുകാർക്കും ജയിൽ മോചിതർക്കും തൊഴിലവസരങ്ങൾ ലഭിക്കും. സീസൺ ജോലി നിർവഹിക്കുന്നതിന് ഇവർക്ക് വേതനവും ലഭിക്കും.
പദ്ധതിയിൽ ലഭ്യമായ വ്യത്യസ്ത തൊഴിലുകൾക്കനുസരിച്ച് തടവുകാരുടെയും ജയിൽ മോചിതരുടെയും യോഗ്യതകൾക്കും കഴിവുകൾക്കും നിരക്കുന്ന ജോലികളാണ് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയിൽ നൽകുകയെന്ന് പദ്ധതി സൂപ്പർവൈസർ ജനറൽ റഹീമി റഹീമി പറഞ്ഞു.
തടവുകാർക്കും ജയിൽ മോചിതർക്കും ഹജ് സീസണിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഒപ്പുവെക്കുന്ന ആദ്യത്തെ കരാറാണിതെന്നും റഹീമി റഹീമി പറഞ്ഞു.