റിയാദ് - നിയമാനുസൃതമായി പദവി ശരിയാക്കുന്നതിന് ഗതാഗത സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആറു മാസത്തെ സാവകാശം അനുവദിച്ചു. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
പുതിയ ലൈസൻസ് നേടൽ, ലൈസൻസ് പുതുക്കൽ, വാഹനങ്ങൾക്ക് ഓപറേഷൻസ് കാർഡ് നേടൽ, പൊതു ഗതാഗത വാഹനങ്ങൾ ഓടിക്കുന്നതിന് ഡ്രൈവർമാർ പ്രത്യേക കാർഡ് നേടൽ, പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച വാഹനങ്ങളെ രേഖകളിൽനിന്ന് നീക്കം ചെയ്യൽ അടക്കമുള്ള നടപടികൾ പിഴകൾ അടയ്ക്കാതെ തന്നെ പൂർത്തിയാക്കി പദവി ശരിയാക്കുന്നതിനാണ് ആറു മാസത്തെ സാവകാശം.
നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കുന്നതുമായി ബന്ധിപ്പിച്ചതിനാൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കുന്നതിന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാധിച്ചിരുന്നില്ല. ഇക്കാര്യം കണക്കിലെടുത്താണ് പിഴകൾ ഒടുക്കുന്നതിന് നിർബന്ധിക്കാതെ തന്നെ പദവി ശരിയാക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആറു മാസത്തെ സാവകാശം അനുവദിച്ചിരിക്കുന്നത്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ടാക്‌സി, പൊതുഗതാഗത സേവന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. പൊതുഗതാഗത സേവന നിരക്കുകൾ നിശ്ചയിക്കുന്നതിന് പൊതുഗതാഗത അതോറിറ്റിക്ക് നീക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടു പദ്ധതി അതോറിറ്റി പരസ്യപ്പെടുത്തിയിട്ടുണ്ട്.