ദുബായ്- വിവാഹത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്. 14 വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയുമാണ് 50 വര്‍ഷം മുമ്പ് വിവാഹം ആശീര്‍വദിച്ച ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചിലേക്ക് സ്‌നേഹമുള്ള ഓര്‍മകളുമായി മടങ്ങിയെത്തുന്നത്.
ദീര്‍ഘമായ ദാമ്പത്യത്തിന്റെ വിജയത്തിന്റെ രഹസ്യവും ഇരുവരും പറയുന്നു: രോഗത്തിലും ആരോഗ്യത്തിലും, സന്തോഷത്തിലും വിഷമത്തിലും ഞങ്ങള്‍ പരസ്പരം താങ്ങായി നിന്നു.
ഗോവക്കാരാണ് 73 കാരനായ ജോവിറ്റോയും 71 കാരിയായ ക്ലോഡിനയും. കുട്ടിക്കാലം മുതലേ പരിചയക്കാരും സുഹൃത്തുക്കളും. 1968 ല്‍ ക്ലോഡിന ദുബായിലെത്തി. പിന്നാലെ ജോവിറ്റോയും. പരസ്പരം പ്രണയിക്കുന്നതായി ഇരുവരും മനസ്സിലാക്കിയതോടെ വിവാഹത്തിലേക്കെത്തി കാര്യങ്ങള്‍. സെന്റ് മേരീസ് ചര്‍ച്ചില്‍ 1969 ജൂലൈ എട്ടിന് വിവാഹം. ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍. 35 വര്‍ഷത്തിന് ശേഷമാണ് ഇരുവരും റിട്ടയര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങിയത്.
ഈ വര്‍ഷം ജൂലൈ എട്ടിന് ഇരുവരും ദുബായില്‍ മടങ്ങിയെത്തി. നനവുള്ള ഓര്‍മകളുമായി. മക്കള്‍ വജ്രമോതിരങ്ങള്‍ നല്‍കി മാതാപിതാക്കളെ എതിരേറ്റു. അടുത്ത സുഹൃത്തുക്കളോടൊന്നിച്ച് വിപുലമായിത്തന്നെ വിവാഹവാര്‍ഷികം ആഘോഷിച്ചു. 35 വര്‍ഷം ആത്മബന്ധം പുലര്‍ത്തിയ നഗരത്തിലെത്തിയപ്പോള്‍ ഇരുവര്‍ക്കും നിര്‍വൃതി.