Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളായ മുഴുവന്‍ അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നീക്കം.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലവുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ആലോചിക്കുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായും ഓഡിറ്റര്‍മാരായും ജോലി ചെയ്യുന്നവരെ കണ്ടെത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സൗദിയില്‍ ജോലിക്ക് ശ്രമിക്കുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും.  
ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷന്‍ പദ്ധതി സഹായിക്കുമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് വക്താവ് അബ്ദുല്ല അല്‍റാജിഹ് പറഞ്ഞു.
ആവശ്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കി ഈ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കാനും കഴിയും.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,972 അക്കൗണ്ടന്റുമാര്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 68 പേര്‍ വനിതകളാണ്. ആറു മാസത്തിനിടെ 55 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അബ്ദുല്ല അല്‍റാജിഹ് പറഞ്ഞു.
ഉപയോക്താക്കള്‍ സമര്‍പ്പിക്കുന്ന രേഖകളും ഓഡിറ്റിംഗ് രേഖകളും ഫൈനല്‍ അക്കൗണ്ട് കോപ്പികളും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത കാലം സൂക്ഷിക്കുക നിര്‍ബന്ധമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങള്‍ക്ക് താല്‍പര്യങ്ങളുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് വിലക്കുണ്ട്. ലൈസന്‍സ് ലഭിച്ച് അഞ്ചു വര്‍ഷം പിന്നിടാതെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെയും ബാങ്കുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ പാടില്ലെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നിയമം അനുശാസിക്കുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും വ്യക്തികളും നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിക്കലും നിര്‍ബന്ധമാണ്.

 

Latest News