ഇല കണ്ട ആടിനെ പോലെ  കോണ്‍ഗ്രസുകാര്‍-മുഖ്യമന്ത്രി 

തിരുവനന്തപുരം-ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അവര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളും നേതാക്കളും ബിജെപിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ തിരുവനന്തപുരത്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പണ്ടുതൊട്ടേ സിപിഎം പറയുന്നതാണെന്നും അതിന്റെ തെളിവുകളാണ് ഈ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേയുണ്ട്. പക്ഷെ അത് പറയുന്നില്ലെന്നും തല്‍ക്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥരെപ്പോലെ നില്‍ക്കാന്‍ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വിജയം വരുമ്പോള്‍ എന്നപോലെ പരാജയം വരുമ്പോഴും നേരിടുന്നതിന് നേതൃത്വം നല്‍കാനാകണമെന്നും, അത് കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News