Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വഞ്ചന: മഞ്ജു വാരിയര്‍  നേരിട്ട് ഹാജരാകണം 

വൈത്തിരി- വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ 15ന് വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) മുമ്പാകെ ഹാജരാകണം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് 15ന് ഹിയറിങ്. മുന്‍ ഹിയറിങ്ങുകളിലൊന്നും മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എല്‍.എസ്.എ നോട്ടീസ്.
മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചന കാട്ടിയതിനാല്‍ സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ട് തങ്ങള്‍ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍.
പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷന്‍ ഇടപെട്ട് 40 വീടുകളുടെ മേല്‍ക്കൂരയുടെ ചോര്‍ച്ച മാറ്റാനുള്ള ഷീറ്റുകള്‍ നല്‍കിയെന്ന് പഞ്ചായത്ത് അംഗം എം.എ. ചാക്കോ പറഞ്ഞു. മുന്‍ സിറ്റിങ്ങുകളില്‍ ഫൗണ്ടേഷന്റെ പ്രതിനിധികള്‍ ഹാജരായി മൊത്തം 10 ലക്ഷം രൂപയോ അല്ലെങ്കില്‍ വീടുകളുടെ അറ്റകുപ്പണി തീര്‍ത്തുതരുകയോ ചെയ്യാമെന്ന് അറിയിച്ചിരുന്നതായും ചാക്കോ പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ ഈ വ്യവസ്ഥക്ക് സമ്മതിച്ചിട്ടില്ല.
പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷമാണ് അവര്‍ പിന്‍വാങ്ങിയത് എന്ന് പറയുന്നു. തുടര്‍ നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ കുടില്‍കെട്ടി സമരം നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ആദിവാസി ക്ഷേമമന്ത്രി എകെ ബാലന്‍ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.

Latest News