ഷാര്‍ജ- വ്യവസായ മേഖലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നാമത്തെ അഗ്നിബാധ. ബുധനാഴ്ച വ്യവസായ മേഖല പത്തില്‍ ജീക്കോ സിഗ്‌നലിന് സമീപം ഒരു ഫാക്ടറിയുടെ ലൂബ്രിക്കന്റ് പ്ലാന്റിലായിരുന്നു തീപ്പിടിത്തം. തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ കത്തി നശിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. അപകട കാരണം അറിവായിട്ടില്ല. ഏറെ നേരമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
എണ്ണയും ലൂബ്രിക്കന്റും കത്തിയതിനെ തുടര്‍ന്ന് പടര്‍ന്ന കരിമ്പുക ശ്വസിച്ച് പലര്‍ക്കും ദേഹാസ്വസ്ഥ്യമുണ്ടായി. അപകടം നടന്ന ഉടന്‍ സ്ഥലത്ത് എത്തിയ പാരമെഡിക്കല്‍ സംഘം ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
തീപ്പിടിത്തത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവ സമയം കത്തിയ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. വലിയ തോതില്‍ തീ ആളിപ്പടര്‍ന്നതിനാല്‍
സാഹസികമായാണ് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ റോഡുകളിലെല്ലാം ശക്തമായ ഗതാഗത കുരുക്കാണ് ഉണ്ടായത്.
ഷാര്‍ജയിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍നിന്ന് അഗ്നിശമന യൂനിറ്റുകളെത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ നാല് മണിക്കുറെടുത്തുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖബി പറഞ്ഞു. ഇവിടെ ശേഖരിച്ച വസ്തുക്കളുടെ സ്‌ഫോടനസ്വഭാവവും പുകയുമാണ് സമയമെടുക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാര്‍ജ നാഷനല്‍ പെയിന്റ്‌സിന് സമീപം തിങ്കളാഴ്ചയുണ്ടായ വന്‍തീപിടിത്തത്തില്‍ 12 വെയര്‍ഹൗസുകള്‍ കത്തിനശിച്ചിരുന്നു. തടിയും കെട്ടിടനിര്‍മാണ സാമഗ്രികളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസുകളായിരുന്നു ഇവ. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഷാര്‍ജക്കു പുറമെ ദുബായില്‍നിന്നും അജ്മാനില്‍നിന്നും സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വ്യവസായ മേഖലയിലെ സ്ഥാപനങ്ങളും ഫാക്ടറികളും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ വീഴ്ചകളാണ് തീപ്പിടിത്തം ആവര്‍ത്ിതക്കാന്‍ കാരണമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. കമ്പനികളിലും വെയര്‍ഹൗസുകളിലു പരിശോധന കര്‍ശനമാക്കാന്‍ സിവില്‍ ഡിഫന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള പരിശോധനകള്‍ ആരംഭിച്ചു.