റിയാദ് - സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലൈസൻസില്ലാത്ത ഉൽപന്നങ്ങൾ വിപണനം ചെയ്തിരുന്ന 478 വെബ്‌സൈറ്റുകളും 27 സാമൂഹിക മാധ്യമ അക്കൗണ്ടുകളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അതോറിറ്റി അടപ്പിച്ചു. ഈ വർഷാദ്യം മുതൽ അതോറിറ്റി നടത്തിയ ശക്തമായ പരിശോധനകൾക്കിടെയാണ് നിയമ വിരുദ്ധ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സൈറ്റുകളും അക്കൗണ്ടുകളും കണ്ടെത്തിയത്. അതോറിറ്റി ലൈസൻസില്ലാത്ത ഉൽപന്നങ്ങളും ഹാനികരമായതിനാൽ അതോറിറ്റി മുന്നറിയിപ്പ് നൽകിയ ഉൽപന്നങ്ങളും വിപണനം നടത്തിയിരുന്ന സൈറ്റുകളും അക്കൗണ്ടുകളുമാണ് അടപ്പിച്ചത്. മെഡിക്കൽ അവകാശ വാദങ്ങൾ ഉയർത്തിയും ആളുകളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചും ഉൽപന്നങ്ങൾ വിപണനം നടത്തിയിരുന്ന സൈറ്റുകളും അടപ്പിച്ചിട്ടുണ്ട്. പരിശോധനകൾക്കിടെ 36,000 നിയമ വിരുദ്ധ ഉൽപന്നങ്ങൾ അതോറിറ്റി പിടിച്ചെടുത്തു.