റിയാദ് - പുതിയ വിസയിൽ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിച്ച് താൽക്കാലിക താമസം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അടങ്ങിയ മാർഗരേഖ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്നതിന്റെയും താൽക്കാലിക താമസം നൽകുന്നതിന്റെയും ചുമതല എ, ബി, സി വിഭാഗത്തിൽ പെട്ട മുഴുവൻ റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും ഈ മാസാദ്യം മുതൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഏൽപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റിയാദ് എയർപോർട്ട് വഴി രാജ്യത്തെത്തുന്ന വേലക്കാരികൾക്കാണ് ഈ മാസാദ്യം മുതൽ പുതിയ പദ്ധതി ബാധകമാക്കിയിരിക്കുന്നത്. വൈകാതെ വേലക്കാരികൾ വിദേശങ്ങളിൽ നിന്ന് എത്തുന്ന രാജ്യത്തെ എല്ലാ എയർപോർട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഉയർന്ന ഗുണമേന്മയുള്ള താമസ സൗകര്യം വേലക്കാരികൾക്ക് ഉറപ്പു വരുത്തുന്നതിനും എയർപോർട്ടുകളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കലും അവർക്ക് അഭയം നൽകലും ക്രമീകരിക്കുന്നതിനും തൊഴിലുടമകളിൽ നിന്ന് വേലക്കാരികൾക്ക് ലഭിക്കാനുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഈടാക്കി നൽകുന്നതിനും ഗൈഡിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. വേലക്കാരികൾക്ക് അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിലും വേലക്കാരികളുടെ രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തു പോകലും ക്രമീകരിക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പങ്ക് പ്രയോജനപ്പെടുത്തുന്നതിനും ഗൈഡ് ലക്ഷ്യമിടുന്നു.
റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്ന അതേ നഗരത്തിൽ തന്നെയായിരിക്കണം വേലക്കാരികൾക്ക് താമസ സ്ഥലം സജ്ജീകരിക്കേണ്ടത്. എയർപോർട്ടുകളിൽ നിന്ന് താമസ സ്ഥലങ്ങളിലേക്ക് അനുയോജ്യമായ യാത്രാ സൗകര്യം റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഏർപ്പെടുത്തിയിരിക്കണം. സ്‌പോൺസർമാരായ ഉപയോക്താക്കൾക്കും വേലക്കാരികൾക്കും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന നിലക്കുള്ള കെട്ടിടങ്ങളാണ് അഭയ കേന്ദ്രങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ടത്. ഇവിടങ്ങളിൽ കാർ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കണമെന്നും സിവിൽ ഡിഫൻസ് അനുശാസിക്കുന്ന സുരക്ഷാ വ്യവസ്ഥകൾ പൂർണമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കെട്ടിടങ്ങളിലെ എമർജൻസി കവാടങ്ങളെ കുറിച്ച് താമസക്കാരെ അറിയിച്ചിരിക്കണം. വേലക്കാരികൾക്ക് ആരോഗ്യകരമായ താമസ സാഹചര്യം കെട്ടിടങ്ങളിൽ ഒരുക്കലും താമസക്കാരുടെ എണ്ണത്തിനനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസ് ജീവനക്കാരെയും നിയമിക്കലും നിർബന്ധമാണ്.
വേലക്കാരികളുടെ പാർപ്പിട കാര്യങ്ങൾക്ക് പ്രത്യേക വിഭാഗം റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ആരംഭിക്കണം. താമസ സ്ഥലങ്ങളിലുള്ള വേലക്കാരികളുമായി ആശയ വിനിമയം നടത്തുന്നതിന് സൂപ്പർവൈസർമാരെ നിയമിക്കുന്നതിന്റെയും താമസ സ്ഥലങ്ങളുടെ നടത്തിപ്പിന്റെയും കെട്ടിടങ്ങളിലെ താമസക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിന്റെയും പൂർണ ചുമതല ഈ വിഭാഗത്തിനാകും. അഭയ കേന്ദ്രങ്ങളിലെ താമസക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അനുദിനം പുതുക്കൽ നിർബന്ധമാണ്. വേലക്കാരികളുടെ താമസ സ്ഥലങ്ങളിൽ സൂപ്പർവൈസർമാരായും അഡ്മിൻ ഉദ്യോഗസ്ഥരായും വനിതകളെയാണ് നിയമിക്കേണ്ടത്.
അനിവാര്യമെങ്കിൽ നിശ്ചിത സമയത്ത് അഭയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തു പോകുന്നതിന് വേലക്കാരികളെ അനുവദിക്കും. എന്നാൽ ശക്തമായ നിരീക്ഷണത്തിലായിരിക്കണം വേലക്കാരികളെ പുറത്തേക്ക് വിടേണ്ടത്. പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ സ്‌പോൺസർമാരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിന് കരാർ ഒപ്പുവെക്കുന്ന പക്ഷം ഈയാവശ്യത്തോടെ ട്രാൻസ്‌പോർട്ട് കമ്പനിയുമായി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ കരാറിലേർപ്പെടണം.
എയർപോർട്ടുകളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പ്രത്യേക പ്രതിനിധികളെ നിയോഗിക്കണം. ആവശ്യമെങ്കിൽ വേലക്കാരികളുമായി ആശയ വിനിമയം നടത്തുന്നതിന് വിവർത്തകരെയും നിയമിക്കണം. വേലക്കാരികളെ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ കംപ്യൂട്ടർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ശേഷം വേലക്കാരികൾ എത്തിയ വിവരം ഉപയോക്താക്കളെ അറിയിക്കുകയാണ് വേണ്ടത്. വേലക്കാരി എത്തുന്ന അതേ നഗരത്തിൽ തന്നെയാണ് സ്‌പോൺസറുള്ളതെങ്കിൽ എയർപോർട്ടിൽ നിന്ന് നേരിട്ട് വേലക്കാരിയെ തൊഴിലുടമക്ക് കൈമാറണം. വേലക്കാരിയെ സ്വീകരിക്കുന്നതിന് തൊഴിലുടമ പതിനഞ്ചു ദിവസത്തിലധികം കാലതാമസം വരുത്തുന്ന പക്ഷം അക്കാര്യം ലേബർ ഓഫീസിനെ അറിയിക്കൽ നിർബന്ധമാണ്.
തൊഴിലുടയുടെ വീട്ടിൽ ജോലി ചെയ്യുന്നതിന് വിസമ്മതിക്കുകയോ തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടുകയോ ചെയ്യുന്ന വേലക്കാരികൾ പതിനഞ്ചു ദിവസത്തിലധികം കാലം അഭയ കേന്ദ്രത്തിൽ കഴിയുന്ന പക്ഷം അക്കാര്യവും ലേബർ ഓഫീസിനെ റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചിരിക്കണം. അഭയ കേന്ദ്രത്തിൽ പ്രവേശിക്കുന്നതു മുതൽ വേലക്കാരികളുടെ താമസകാലം 30 ദിവസത്തിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം വേലക്കാരികളെ നിശ്ചിത സമയത്തിനകം സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പൂർത്തിയാക്കണമെന്നും മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ നിഷ്‌കർഷിക്കുന്നു.
പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിട്ടുണ്ട്. എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്ന വേലക്കാരികളെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും തങ്ങൾക്കു കീഴിലുള്ള താൽക്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റി പിന്നീട് സ്‌പോൺസർമാർക്ക് കൈമാറുകയാണ് വേണ്ടത്. ഇതുവരെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ച് സ്‌പോൺസർമാർ തന്നെ വേലക്കാരികളെ സ്വീകരിക്കേണ്ടിയിരുന്നു. ഈ രംഗത്തുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് വേലക്കാരികളെ സ്വീകരിച്ച് സ്‌പോൺസർമാർക്ക് കൈമാറുന്ന ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ ഏൽപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ റിയാദ് എയർപോർട്ടിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
റീ-എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയി തിരിച്ചുവരുന്ന വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എടുത്തുകളഞ്ഞിട്ടുമുണ്ട്. ഇവർക്ക് എയർപോർട്ടുകളിലെ ആഗമന ടെർമിനലുകളിൽ നിന്ന് നേരെ പുറത്തിറങ്ങുന്നതിന് സാധിക്കും. സ്‌പോൺസർമാർ വരുന്നതു വരെ എയർപോർട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഇവർ കാത്തിരിക്കേണ്ടതില്ല. വേലക്കാരികളെ സ്വീകരിക്കുന്നതിന് എയർപോർട്ടിലെ വിശ്രമ കേന്ദ്രത്തെ സ്‌പോൺസർമാർ സമീപിക്കേണ്ട ആവശ്യവുമില്ല. വേലക്കാരികളെ വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പൂർണ ചുമതല സ്‌പോൺസർമാർക്ക് ആയിരിക്കും. ഈ മാസം പതിനഞ്ചു മുതൽ പുതിയ സംവിധാനം നിലവിൽവരും. തുടക്കത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ മാത്രമാണ് പുതിയ സംവിധാനം നടപ്പാക്കുക. ഇതുവരെ റീ-എൻട്രി വിസയിൽ തിരിച്ചുവരുന്ന വേലക്കാരികളെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. സ്‌പോൺസർമാർ നേരിട്ടെത്തി ഇവിടങ്ങളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്.