ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഹജ് ടെർമിനലിലെ വെയ്റ്റിംഗ് ഏരിയകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി അടുത്ത വർഷത്തെ ഹജിനു മുമ്പായി പൂർത്തിയാകുമെന്ന് ജിദ്ദ എയർപോർട്ട് മാനേജർ ഫുവാദ് നൂർ വെളിപ്പെടുത്തി. അടുത്ത കൊല്ലത്തെ ഉംറ സീസണിൽ പദ്ധതി ഭാഗികമായി പ്രയോജനപ്പെടുത്താൻ കഴിയും. ഹജ് ടെർമിനലിലെ മുഴുവൻ വെയ്റ്റിംഗ് ഏരിയകളും ശീതീകരിക്കുന്നതിനാണ് പദ്ധതി. ആകെ 24,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 20 വിശ്രമ കേന്ദ്രങ്ങളാണ് ശീതീകരിക്കുന്നതെന്നും ഫുവാദ് നൂർ പറഞ്ഞു.
അതിനിടെ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ഹജ് ടെർമിനൽ സന്ദർശിച്ച് വിവിധ വകുപ്പുകൾ ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്തി. ഹജ് ടെർമിനലിൽ എത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി, സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടികളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ച് മുൻകൂട്ടി പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വഴി എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്ന ടെർമിനലാണ് ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ആദ്യം സന്ദർശിച്ചത്. ഹജ് ടെർമിനലിലെ പുതിയ ജവാസാത്ത് കൗണ്ടറുകൾ, തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മറ്റു സർക്കാർ വകുപ്പുകളുടെ കേന്ദ്രങ്ങൾ എന്നിവയും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. സെൻട്രൽ ഏരിയയിൽ തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ വീക്ഷിച്ചു.
സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യയും ഹജ് ടെർമിനൽ സന്ദർശിച്ച് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് പൂർത്തിയാക്കിയ ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും പര്യാപ്തമായത്ര ഉദ്യോഗസ്ഥരും ഹജ് ടെർമിനലിലുണ്ടെന്ന് ജവാസാത്ത് മേധാവി ഉറപ്പു വരുത്തി. വ്യാജ പാസ്‌പോർട്ടുകളും വിസകളും അടക്കമുള്ള രേഖകൾ കണ്ടെത്തുന്നതിനുള്ള ലാബും ജവാസാത്ത് മേധാവി സന്ദർശിച്ചു. ഹജ് തീർഥാടകരോട് ഏറ്റവും നന്നായി പെരുമാറണമെന്നും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് അത്യധ്വാനം ചെയ്യണമെന്നും ജവാസാത്ത് ഉദ്യോഗസ്ഥരോട് ജവാസാത്ത് മേധാവി ആവശ്യപ്പെട്ടു.