കൊച്ചി - മഹാരാജാസ് കോളേജ് വളപ്പിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്ന് പ്രിൻസിപ്പൽ. രക്തസാക്ഷി മണ്ഡപത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് 470 വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം കിട്ടിയിട്ടുണ്ടന്നും നിവേദനം കോളേജ് ഗവേണിംഗ് കൗൺസിലിനു കൈമാറിയിരിക്കുകയാണന്നും പ്രിൻസിപ്പൽ ഹൈക്കോടതിയെ അറിയിച്ചു.
ഗവേണിംഗ് കൗൺസിലിന് അക്കാദമിക് അധികാരമാണുള്ളതെന്നും സർക്കാർ ഭൂമിയിലെ നിർമാണത്തിൽ തീരുമാനമെടുക്കാൻ എന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമാണ് വേണ്ടതെന്നും കോടതി ആവർത്തിച്ചു. സർക്കാർ നിലപാട് യഥാസമയം അറിയിക്കാത്തതിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കോളേജ് വളപ്പിൽ അനുസ്മരണ മണ്ഡപങ്ങൾ സ്ഥാപിക്കുന്നതിൽ കോ#േളജ് അധികൃതരും സർക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ടന്ന് കോടതി ഓർമിപ്പിച്ചു. ഭാവിയിലും ഇതേ ആവശ്യം ആവർത്തിക്കാമെന്നും ഒരു കൂട്ടം വിദ്യാർഥികൾ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാൽ എന്താവും സാഹചര്യമെന്നും കോടതി ആരാഞ്ഞു. ഇതെല്ലാം ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും കോടതി ഓർമിപ്പിച്ചു. കേസിൽ നിലപാടറിയിക്കാൻ കോടതി സർക്കാരിന് ഓഗസ്റ്റ് ഒമ്പതു വരെ സമയം അനുവദിച്ചു.