മലയാളി പ്രവാസി സമൂഹം യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. ജോലി തേടി ലോകത്തിന്റെ ഏതു കോണിലും പോകാൻ കാണിക്കുന്ന ഉത്സാഹം ലോകത്തെ അറിയാനും കൂടി അവർ കാണിക്കുന്നു. അവധി ദിനങ്ങൾ യാത്രകൾ നടത്തിയാണ് പലരും ആഘോഷിക്കുന്നത്. അവധി നാളുകളെ യാത്രകളിലൂടെ ആഘോഷമാക്കാനാണ് കുടുംബങ്ങൾക്കും താൽപര്യം. ആദ്യകാലങ്ങളിൽ പ്രവാസമെന്നാൽ കുടുംബം വിട്ടൊഴിഞ്ഞുള്ള ഏകാന്ത വാസമായിരുന്നു. കാരണം കുടുംബത്തെ കൂടെ നിർത്താനുള്ള സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. മാത്രമല്ല, സാമ്പത്തികം മാത്രമായിരുന്നു പ്രധാന ലക്ഷ്യം. ഇന്നു കാലം മാറി. ചിന്താഗതിയിലും മാറ്റം വന്നു. ഏതു രാജ്യത്തേക്കു പോകുന്നതിനുള്ള സൗകര്യങ്ങളും വർധിച്ചു. കുടുംബവുമായി സ്ഥിര താമസം പ്രയാസകരമായവർ പോലും വിസിറ്റിംഗ് വിസയിലോ, ഉംറ വിസയിലോ കുടുംബത്തെ കൊണ്ടുവന്ന് കുറച്ചു ദിവസമെങ്കിലും ഒരുമിച്ചു താമസിക്കാൻ ഇഷ്ടപ്പെടുന്നു. കടുംബവുമായി കഴിയുന്നവർ മാതാപിതാക്കളെയും കൊണ്ടുവരാൻ താൽപര്യപ്പെടുന്നു. ഇങ്ങനെയുള്ള ഒത്തുകൂടലുകൾ യാത്രകൾക്കായും വിനിയോഗിക്കുന്നു. തീർഥാടന കേന്ദ്രങ്ങളിലേക്കും കാണാത്തിടങ്ങളിലേക്കും ചരിത്രമുറങ്ങുന്ന നാടുകളിലേക്കെല്ലാമുള്ള യാത്രകൾ. ഇത്തരം യാത്രകൾ കുടുംബങ്ങൾക്ക് നൽകുന്ന ഉല്ലാസം അതിരറ്റതാണ്. പക്ഷേ, അതു പലപ്പോഴും ദുരന്തങ്ങൾക്കു വഴിമാറുന്നുവെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.
സൗദി അറേബ്യയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ റമദാൻ ദിനങ്ങളും പെരുന്നാൾ രാവുകളും ആഘോഷങ്ങളോടൊപ്പം വേദന കൂടി സമ്മാനിക്കുന്നതായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി മൂന്നു മലയാളി കുടുംബങ്ങൾക്കുണ്ടായ ദുരന്തം ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. റമദാന്റെ ആദ്യ ദിനം തന്നെ അപകട വാർത്ത കേട്ടുകൊണ്ടായിരുന്നു പുലർന്നത്. റമദാന്റെ ആദ്യ ദിനത്തിൽ മദീന-റിയാദ് അതിവേഗ പാതയിൽ അൽഖസീമിനു സമീപം തീർഥാടകർ സഞ്ചരിച്ച അഞ്ച് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു ജീവനുകൾ പൊലിയുകയും അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊടിക്കാറ്റായിരുന്നു അവിടെ വില്ലനായെത്തിയത്. മലയാളികൾ ആരും ഈ അപകടത്തിൽ പെട്ടില്ലെങ്കിലും ദുബായിൽനിന്നുമെത്തിയ ഒരു ഇന്ത്യക്കാരി മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ റമദാന്റെ ആദ്യ ആഴ്ചയിൽ തന്നെ മറ്റൊരു ദുരന്തത്തിനു നമുക്ക് സാക്ഷിയാകേണ്ടി വന്നു.
റിയാദിൽനിന്ന് ഉംറക്കായി തിരിച്ച കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷഹീന്റെ കുടുംബം തായിഫിനു സമീപം ദലമിൽ അപകടത്തിൽ പെട്ടത് മലയാളികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഷഹീനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഭാര്യ സബീനയും ആറു വയസ്സുകാരി അസ്‌റയും എട്ടു മാസം പ്രായമായ ദിയയും മരണപ്പെട്ടു. ഷഹീനിനും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും സാരമായി പരിക്കേറ്റു. രണ്ടു ദിവസത്തിനു ശേഷം ഇതേ സ്ഥലത്തുവെച്ചു തന്നെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരുകാരായ ഡോക്ടർ ദമ്പതികളുടെ കുടുംബം അപകടത്തിൽപെട്ട് കുടുംബിനിയായ ഡോ. സറീന ശൈഖ് മരിച്ചു. റമദാൻ രാവുകളിൽ ഇത്തരം അപകടങ്ങൾ വേറെയും ഉണ്ടായിരുന്നുവെങ്കിലും മലയാളികളായി ആരും ഇല്ലാതിരുന്നതിനാൽ മലയാളി സമൂഹം ഏറെയൊന്നും അതു ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പെരുന്നാൾ ദിനത്തിൽ മക്ക-മദീന എക്‌സ്പ്രസ് ഹൈവേയിൽ ഗുലൈസിൽ ഉണ്ടായ അപകടത്തിൽ തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി അഷ്‌റഫിന്റെ കടുംബത്തിനുണ്ടായ ദുരന്തം ഏവരേയും ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു. അഷ്‌റഫും ഭാര്യ റസിയയും മകൾ ഹഫ്‌സാനയുമാണ് ഈ അപകടത്തിൽ മരിച്ചത്. മറ്റു രണ്ടു മക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്‌റഫ് വിസിറ്റിംഗ് വിസയിൽ കുടുംബത്തെ കൊണ്ടുവന്ന് ഉംറ നടത്തി ഈദ് ആഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദുരന്തം വേട്ടയാടിയത്. ഇതിന്റെ ആഘാതത്തിൽനിന്ന് മോചിതരാകുന്നതിനു മുൻപാണ് മറ്റൊരു മലയാളി കുടംബം മദാഇൻസാലിഹിനു സമീപം അൽ ഊലയിൽ അപകടത്തിൽ പെട്ടത്. ഈ അപകടത്തിൽ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന് നഷ്ടമായത് സ്വന്തം മാതാവിനേയും ഭാര്യയേയുമാണ്. മാതാവ് സാബിറയും ഭാര്യ ഷജ്‌ലയും മരണത്തിനു കീഴടങ്ങിയപ്പോൾ ഫാറൂഖും പിതാവും രണ്ടു കുഞ്ഞു മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
വിധിയുടെ തോളിലേറി വരുന്ന അപകടങ്ങളെ ആർക്കും തടുക്കാനാവില്ല. എങ്കിലും ഈ ദുരന്തങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് യാത്രകളിൽ നാം കുറേക്കൂടി സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നുവെന്നാണ്. സൂക്ഷ്മത അതിന്റെ തീവ്രത കുറക്കും. സ്വന്തം വാഹനം ഓടിച്ച് ദീർഘ യാത്രകൾ നടത്തുമ്പോൾ മതിയായ വിശ്രമം അനിവാര്യമാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മതിയായ ഉറക്കവും വിശ്രമവും നടത്തി എത്തിപ്പെടാൻ ആവുന്നിടത്തേക്കു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. അവധി കിട്ടുന്ന രണ്ടു ദിവസം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള രണ്ടായിരവും മൂവായിരവും കിലോമീറ്ററുകൾ താണ്ടി മടങ്ങി വരാമെന്ന കണക്കു കൂട്ടലുകളാണ് പലപ്പോഴും അപകടത്തിലെത്തിക്കുന്നത് -പ്രത്യേകിച്ച് റമദാൻ നാളുകളിൽ. നോമ്പെടുത്ത ക്ഷീണവും ദീർഘ യാത്ര വരുത്തുന്ന ക്ഷീണവും അതോടൊപ്പം അതിഭയങ്കരമായ തിരിക്കിനിടെ നടത്തുന്ന ഉംറ കൊണ്ടുണ്ടായ ക്ഷീണവുമൊന്നും വകവെക്കാതെ വാഹനം ഓടിക്കുമ്പോഴാണ് പലരും അപകടത്തിൽ പെടുന്നത്. മതിയായ വിശ്രമത്തോടെയാണെങ്കിൽ ഇത്തരം അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാവും. സഞ്ചരിക്കുന്ന വാഹനം എത്ര കരുത്തുറ്റതാണെങ്കിലും നമ്മുടെ അശ്രദ്ധയാലോ, ശാരീരിക ക്ഷീണത്താലോ അപകടം സംഭവിച്ചാൽ ദുരന്തം നമ്മുടെ കാഴ്ചപ്പാടുകൾക്കുമപ്പുറമായിരിക്കും. ദലമിലും ഗുലൈസിലും ഉണ്ടായ അപകടങ്ങളിൽപെട്ടത് രണ്ടും വലിയ വാഹനങ്ങളായിരുന്നുവെങ്കിലും തകർന്നു തരിപ്പണമായി.
അൽഊലയിലെ അപകടത്തിലെ വില്ലൻ ടയറായിരുന്നു. ദീർഘയാത്രകളിൽ എപ്പോഴും ശ്രദ്ധിക്കേണ്ട സംഗതി ടയറിന്റെ ശേഷിയാണ്. ദീർഘയാത്രകളിൽ കുടുംബത്തോടൊപ്പം തനിച്ചുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മാറിയോടിക്കാൻ കൂടെ ആളുണ്ടായിരിക്കുകയോ മറ്റു വാഹനങ്ങളോടൊപ്പം സഞ്ചരിക്കുകയോ ചെയ്താൽ ആപത്തു വേളകളിൽ അതു സഹായകമായി മാറും. ഒറ്റ ദിവസം കാണ്ട് പരമാവധി ദൂരം സഞ്ചരിച്ച് എല്ലാം കണ്ടുകളയാമെന്ന ചിന്ത ആദ്യമേ മാറ്റിവെക്കലാണ് അപകടങ്ങൾ കുറക്കാനുള്ള മറ്റൊരു പോംവഴി. പരമാവധി സമയമെടുത്ത് ഇടക്കിടെ വിശ്രമിച്ചും സൊറ പറഞ്ഞിരുന്നും ടെൻഷൻ അകറ്റി വേഗത കുറച്ചുമുള്ള യാത്രകളായിരിക്കും പരമാവധി ആനന്ദം നൽകുക. ഇനിയുള്ള നാളുകൾ അതിനുള്ള പരിശ്രമമാവട്ടെ. എങ്കിൽ ദുരന്ത വാർത്തകൾക്ക് നമുക്ക് കാതുകൊടുക്കാതിരിക്കാനാവും.