Sorry, you need to enable JavaScript to visit this website.

അറഫ ഖുതുബ ഇത്തവണ ആറു ഭാഷകളില്‍ തത്സമയം കേള്‍ക്കാം

മക്ക - ഈ വർഷം അറഫ ഖുതുബ ആറു ഭാഷകളിൽ വിവർത്തനം ചെയ്യുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഹറംകാര്യ വകുപ്പ് അറഫ ഖുതുബ വിവർത്തന പദ്ധതി നടപ്പാക്കുന്നത്. എഫ്.എം തരംഗത്തിലാണ് അറഫ ഖുതുബ വിവർത്തനം ചെയ്യുക. ഇതിനായി ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഹറംകാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും അറഫ ഖുതുബ വിവർത്തനമുണ്ടാകും. അറഫ ഖുതുബയുടെ ശബ്ദ വിവർത്തനം അറഫയിലുള്ള തീർഥാടകർക്കും ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്കും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും.

 
അറഫ ഖുതുബയുടെ തത്സമയ വിവർത്തനത്തിനു വേണ്ടി സാങ്കേതിക, ഭാഷാ പരിജ്ഞാനമുള്ള മുപ്പതു പേർ അടങ്ങിയ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പിൽ സാങ്കേതിക കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറലും അറഫ ഖുതുബ വിവർത്തന പദ്ധതി ഡയറക്ടറുമായ എൻജിനീയർ ബന്ദർ അൽഖുസൈം പറഞ്ഞു. അറഫ ഖുതുബ വിവർത്തന പദ്ധതി ഈ വർഷം കൂടുതൽ സാങ്കേതിക പുരോഗതി കൈവരിച്ചിട്ടുണ്ട്. അഞ്ചു റേഡിയോ ഫ്രീക്വൻസികളിൽ തത്സമയ ഖുതുബ വിവർത്തനം തീർഥാടകർക്ക് പ്രയോജനപ്പെടുത്തുന്നതിന് കഴിയും. ഖത്തീബ് പ്രസംഗ പീഠത്തിൽ കയറുന്ന നിമിഷം മുതൽ ഖുതുബ വിവർത്തനം സംപ്രേക്ഷണം ചെയ്യും. ഖുതുബ വിവർത്തന പദ്ധതിയിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടി അറഫയിലെ മസ്ജിദ് നമിറയിൽ അത്യാധുനിക സാങ്കേതിവിദ്യകൾ അടങ്ങിയ പ്രത്യേക മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. 
അറഫ ഖുതുബ വിവർത്തന പദ്ധതി ഒരുക്കങ്ങൾ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉറപ്പു വരുത്തിയിട്ടുണ്ട്. അറഫയിൽ എത്തുന്നതിനു മുമ്പായി അറഫ ഖുതുബ വിവർത്തന പദ്ധതിയെ കുറിച്ച് തീർഥാടകരെ ഹറംകാര്യ വകുപ്പ് പരിചയപ്പെടുത്തും. മസ്ജിദുന്നബവിയിൽ വെച്ചും വിശുദ്ധ ഹറമിൽ വെച്ചും അറഫ ഖുതുബ പദ്ധതിയെ കുറിച്ച് തീർഥാടകർക്ക് വിശദീകരിച്ചു നൽകുമെന്നും എൻജിനീയർ ബന്ദർ അൽഖുസൈം പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് ഹറംകാര്യ വകുപ്പ് തത്സമയ അറഫ ഖുതുബ വിവർത്തന പദ്ധതി ആരംഭിച്ചത്.

 

Latest News