Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വീട്ടുവേലക്കാരുടെ റിക്രൂട്ട്‌മെന്റിന് പുതിയ വ്യവസ്ഥകള്‍

റിയാദ് - ഏകീകൃത റിക്രൂട്ട്‌മെന്റ് കരാർ പ്രകാരം വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായും കമ്പനികളുമായും കരാർ ഒപ്പുവെച്ച് മൂന്നു മണിക്കൂറിനകം സ്‌പോൺസർമാർ കരാർ പ്രകാരമുള്ള പണമടയ്ക്കൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കരാർ പ്രകാരമുള്ള മുഴുവൻ തുകയും ഒറ്റത്തവണയായാണ് അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്തിനകം സ്‌പോൺസർമാർ പണമടയ്ക്കാത്ത പക്ഷം കരാർ റദ്ദാക്കപ്പെട്ടതായി കണക്കാക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും അയച്ച സർക്കുലറിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 
സ്‌പോൺസർമാരുമായി കരാർ ഒപ്പുവെച്ച് 90 ദിവസത്തിനകം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകിയിരിക്കണം. പരമാവധി 15 ദിവസം കൂടി കരാർ ഓൺലൈൻ ആയി ദീർഘിപ്പിക്കുന്നതിന് സാധിക്കും. ഒപ്പുവെച്ച് അഞ്ചു ദിവസത്തിനകം പിഴ കൂടാതെ കരാർ റദ്ദാക്കുന്നതിന് സ്‌പോൺസറെയും റിക്രൂട്ട്‌മെന്റ് സ്ഥാപനത്തെയും ഏകീകൃത കരാർ അനുവദിക്കുന്നുണ്ട്. ആദ്യത്തെ മാസത്തിനിടെ കരാർ റദ്ദാക്കുന്ന പക്ഷം കരാർ തുകയുടെ പത്തു ശതമാനവും രണ്ടാമത്തെ മാസത്തിനിടെ കരാർ റദ്ദാക്കുന്ന പക്ഷം കരാർ തുകയുടെ പതിനഞ്ചു ശതമാനവും മൂന്നാമത്തെ മാസത്തിനിടെ കരാർ റദ്ദാക്കുന്ന പക്ഷം കരാർ തുകയുടെ മുപ്പതു ശതമാനവും ബന്ധപ്പെട്ട കക്ഷിക്ക് പിഴ ചുമത്തും. 
പുതിയ വിസയിൽ റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന തൊഴിലാളികൾ എന്തെങ്കിലും കാരണവശാൽ ജോലിക്ക് വിസമ്മതിക്കുകയോ യോഗ്യരല്ലാത്തവരോ ആണെങ്കിൽ ബദൽ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ബാധ്യസ്ഥമല്ല. എന്നാൽ കരാർ പ്രകാരം ഈടാക്കിയ റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമക്ക് റിക്രൂട്ട്‌മെന്റ് സ്ഥാപനം തിരിച്ചുനൽകേണ്ടിവരും. ഈ തുകയിൽ നിന്ന് തൊഴിലാളി ജോലിയിൽ തുടർന്ന കാലത്തെ വേതനം പിടിക്കാവുന്നതാണ്. ഗാർഹിക തൊഴിലാളികളായ സ്ത്രീപുരുഷന്മാരുടെ റിക്രൂട്ട്‌മെന്റിന് ഏകീകൃത കരാർ ഒരുപോലെ ബാധകമാണ്. തൊഴിലുടമകളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകളിൽ 48 മണിക്കൂറിനകം റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും മറുപടി നൽകിയിരിക്കണം. സ്‌പോൺസർമാരും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് കരാർ ഒപ്പുവെക്കേണ്ടത്. പോർട്ടലിനു പുറത്ത് പേപ്പർ കരാർ അനുവദിക്കില്ല. എന്നാൽ മുസാനിദ് പോർട്ടലിൽ അക്കൗണ്ടില്ലാത്തവരെ പേപ്പർ കരാറുകൾ ഒപ്പുവെക്കുന്നതിന് അനുവദിക്കും. റിക്രൂട്ട്‌മെന്റ് കരാറിനൊപ്പം റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളിയുടെ സി.വിയും വേതനവും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ അറ്റാച്ച് ചെയ്തിരിക്കണമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
നിശ്ചിത സമയത്തിനകം റിക്രൂട്ട്‌മെന്റ് നിരക്കും മൂല്യവർധിത നികുതിയും അടക്കുന്നതിന് സ്‌പോൺസർമാരെ പുതിയ ഏകീകൃത കരാർ നിർബന്ധിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇത് സൗദി പൗരന്മാർക്ക് കടുത്ത സമ്മർദമുണ്ടാക്കും. റിക്രൂട്ട്‌മെന്റ് നിരക്ക് മുഴുവൻ ഒറ്റയടിക്ക് അടക്കുന്നതിനുള്ള സാമ്പത്തിക ശേഷി അധിക പേർക്കുമില്ല. റിക്രൂട്ട്‌മെന്റ് നിരക്ക് മുഴുവനായും മുൻകൂറായി അടക്കുന്നതിന് പല റിക്രൂട്ട്‌മെന്റ് ഓഫീസുകളും നേരത്തെ സ്‌പോൺസർമാരെ നിർബന്ധിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നിരക്കിന്റെ 25 ശതമാനം മാത്രമാണ് സ്‌പോൺസർമാരിൽ നിന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ മുൻകൂറായി ഈടാക്കിയിരുന്നതെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.

 

Latest News