ദുബായ്- ഭാര്യ മരിച്ചതോടെ യു.എ.ഇ ബാങ്കുകളിലെ 10 ലക്ഷം ദിര്‍ഹം എടുക്കാനാകാതെ ഇന്ത്യക്കാരന്‍ വിഷമിച്ചത് അഞ്ചുമാസം. നരേന്ദ്ര ഗജ്‌രിയ എന്ന ഇന്ത്യക്കാരനാണ് പ്രതിസന്ധിയിലായത്. ഭാര്യ ഹീനയും ചേര്‍ന്നുള്ള ജോയന്റ് അക്കൗണ്ടിലായിരുന്നു പണമത്രയും. അവര്‍ മരിച്ചതോടെ സ്വാഭാവികമായും ദുബായ് കോടതി അക്കൗണ്ട് തടഞ്ഞു.
പണത്തിന്റെ നിയമപരമായ അവകാശി ആരെന്ന് സ്ഥിരീകരിച്ച് ദുബായ് കോടതി പിന്തുടര്‍ച്ചാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നത് സ്വാഭാവികമായ നടപടിക്രമമാണ്. അതിനായി അക്കൗണ്ട് മരവിപ്പിക്കും. ഇതോടെയാണ് ജീവിതം തന്നെ സ്തംഭിപ്പിച്ച് ഗജ്‌രിയക്ക് പ്രതിസന്ധിയുണ്ടായത്.
എ.ടി.എം വഴി പണം പിന്‍വലിക്കാനോ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താനോ ഇതോടെ കഴിയാതായി. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ പോലും കാര്‍ഡ് നല്‍കി വാങ്ങാന്‍ കഴിഞ്ഞില്ല. സ്വന്തമായി ഒരു അക്കൗണ്ട് ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
വിവിധ ബാങ്ക് അക്കൗണ്ടുകളായി തനിക്ക് ദശലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമുണ്ടെന്ന് ഗജ്‌രിയ പറഞ്ഞു. പ്രശ്‌നമുണ്ടായതോടെ, തന്റെ കൈയിലുള്ള കുറച്ച് പണമുപയോഗിച്ച് ഇദ്ദേഹം സ്വന്തമായി അക്കൗണ്ട് തുടങ്ങുകയും തന്റെ ശമ്പള അക്കൗണ്ട് അതാക്കി മാറ്റുകയും ചെയ്തു. ശമ്പള സമയമായതിനാല്‍ തനിക്ക് ഏതാനും ദിവസത്തിനകം ഈ അക്കൗണ്ടിലേക്ക് പണമെത്തിയത് സഹായമായി. അതുവരെ താന്‍ കൈയില്‍ കാശില്ലാതെ വിഷമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ യു.എ.ഇയില്‍ തന്നെ എഴുതി രജിസ്റ്റര്‍ ചെയ്ത വില്‍പത്രം വേണം. അത് ഇല്ലാത്തതിനാല്‍ ജോയന്റ് അക്കൗണ്ടിലെ പണം തനിക്ക് കിട്ടാന്‍ പല നടപടിക്രമങ്ങളുമുണ്ടായിരുന്നു. ഒടുവില്‍ അഞ്ചു മാസത്തിന് ശേഷം ഈ പണം കോടതി നല്‍കിയത് തന്നെ ശരീഅത്ത് നിയമപ്രകാരം മകന് 50 ശതമാനം, മകള്‍ക്ക് 25 ശതമാനം, എനിക്ക് 25 ശതമാനം എന്ന നിലയിലാണ്- അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇതില്‍ പ്രശ്‌നമില്ല. എന്നാല്‍ പലരെ സംബന്ധിച്ചും ഇങ്ങനെ സംഭവിക്കുമ്പോള്‍ പണം അവര്‍ക്ക് തിരിച്ചുകിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.