Sorry, you need to enable JavaScript to visit this website.

കാറോടിക്കുന്ന സൗദി യുവതിയോട് പരാക്രമം; അയല്‍വാസിക്കെതിരെ നടപടി

കിഴക്കന്‍ പ്രവിശ്യയില്‍ സൗദി യുവതിയുടെ കാര്‍ സ്വന്തം കാറുകള്‍ ഉപയോഗിച്ച് അയല്‍വാസി തടഞ്ഞിട്ട നിലയില്‍.

ദമാം - സൗദി യുവതിയുടെ കാര്‍ തടയുകയും പലതവണ കാറില്‍ മനപൂര്‍വം കൂട്ടിയിടിക്കുകയും യുവതിക്കു കീഴില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയെ ആക്രമിക്കുകയും ചെയ്ത അയല്‍വാസിയായ സൗദി പൗരനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നു.

അമ്പതുകാരനെതിരെ യുവതി കിഴക്കന്‍ പ്രവിശ്യ പോലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പോലീസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സൗദി യുവതി കാറോടിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് യുവതിയുടെ കാര്‍ പ്രതി തന്റെ കാറുകള്‍ ഉപയോഗിച്ച് തടഞ്ഞിട്ടത്.  അയല്‍വാസികള്‍ക്കു മുന്നില്‍ വെച്ച് യുവതിയെ പ്രതി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.

കാറിന്റെ മൂന്നു ഭാഗത്തും കാറുകള്‍ നിര്‍ത്തിയാണ് സൗദി പൗരന്‍ പരാതിക്കാരിയുടെ വാഹനം തടഞ്ഞിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വീട്ടില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഈ ക്ലിപ്പിംഗുകള്‍ സഹിതം പ്രതിക്കെതിരെ യുവതി പലതവണ പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു.
തുടര്‍ന്ന് സൗദി പൗരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവതിയെ ഉപദ്രവിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു. ഇതിനു ശേഷവും ഉപദ്രവം തുടരുന്നതായി യുവതിയില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് പ്രതിക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് പോലീസ് കൈമാറിയത്.


 

 

Latest News