കൊച്ചി- നടിക്കെതിരെ നടന്ന അതിക്രമത്തില്‍ താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരിക്കെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്. മഞ്ജു വാര്യര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടു നില്‍ക്കുമെന്നാണ് സൂചന. ഷൂട്ടിംഗ് തിരക്ക് കാരണം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മഞ്ജു ഭാരവാഹികളെ അറിയിച്ചു.
ബുധനാഴ്ച ചേര്‍ന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ രമ്യ നമ്പീശന്‍, മുകേഷ്, പൃഥ്വിരാജ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരായ കെ.ബി. ഗണേഷ് കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയന്‍ പിള്ള രാജു, നിവിന്‍ പോളി, സിദ്ദീഖ്, കുക്കു പരമേശ്വരന്‍ എന്നിവരാണഅ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.
നടി ആക്രമിക്കപ്പെട്ട സംഭവം വാര്‍ഷിക യോഗം ചര്‍ച്ച ചെയ്യുമോ എന്നു വ്യക്തമല്ല. ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റും ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്.