Sorry, you need to enable JavaScript to visit this website.

വളാഞ്ചേരിയില്‍ ഹോം നഴ്‌സ് മരിച്ചനിലയില്‍; മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം

വളാഞ്ചേരി- തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ ഹോം നഴ്‌സ് മരിച്ച നിലയില്‍. സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തി  (52) നെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് അറിയിച്ചു. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരെക്കുറിച്ചു ഫോണില്‍ വിവരങ്ങള്‍ ലഭ്യമാകാതിരുന്നതോടെ പൊന്നാനിയിലുള്ള നഫീസത്തിന്റെ മകന്‍ ഷഫീഖ് ഉച്ചയോടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവര്‍ത്തിച്ചിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ എം.മനോഹരന്‍, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാലു മാസം മുമ്പാണ് വൈക്കത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ച് താമസം തുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനുപുറത്തു ഇവരെ കണ്ടിരുന്നതായി സമീപ വാസികള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

 

 

Latest News