റിയാദ്- എക്‌സിറ്റില്‍ പോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയ മലയാളി സ്‌പോണ്‍സര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് അറസ്റ്റില്‍. മൂന്ന് വര്‍ഷം മുമ്പ് ദമാമില്‍നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയ തൃശൂര്‍ പുത്തന്‍ചിറ സ്വദേശി പട്ടേരി ലിജോ ജോയ് ആണ് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ലിജോയെ ബുധനാഴ്ച അല്‍ഹസ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് 8.50 ന് ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ലിജോ റിയാദ് വിമാനത്താവളത്തിലെത്തിയത്. ശേഷം ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ലിജോയുടെ പാസ്‌പോര്‍ട്ട് കോപ്പിയും ടിക്കറ്റ് കോപ്പിയും സഹിതം കാണ്മാനില്ലെന്ന് പറഞ്ഞ് വാട്‌സാപ്, ഫേസ്ബുക്ക് കൂട്ടായ്മകളില്‍ അന്വേഷണം തുടങ്ങിയിരുന്നു. റിയാദിലെത്തിയിട്ടുണ്ടെന്നും പിന്നീട് കാണാതാവുകയായിരുന്നുവെന്നായിരുന്നു ഇതോടൊന്നിച്ചുണ്ടായിരുന്ന ശബ്ദ സന്ദേശം.
ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെ കുറിച്ച് അന്വേഷിക്കാനായി ജിദ്ദ മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ പ്രിന്‍സി റിയാദിലെത്തി സാമൂഹിക പ്രവര്‍ത്തകരായ ഷാജഹാന്‍ കല്ലമ്പലം, ശുമൈസിയിലെ മാത്യു എന്നിവരുമായി ബന്ധപ്പെട്ടു. ദുബായില്‍ എത്തിയപ്പോഴും ലിജി ഭാര്യയുമായി ചാറ്റ് ചെയ്തിരുന്നതാണ്. ലിജോ റിയാദിലെത്തിയിട്ടുണ്ടെന്ന് ഫ്‌ളൈ ദുബായില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യ ദീര പോലീസില്‍ പരാതി നല്‍കി. എയര്‍പോര്‍ട്ട് പോലീസുമായി ദീര പോലീസ് ബന്ധപ്പെട്ടപ്പോഴാണ് കസ്റ്റഡിയിലുള്ള വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെ അറിഞ്ഞത്. ഇന്നലെ ഇവര്‍ സ്‌റ്റേഷനിലെത്തി ലിജോയുമായും പോലീസുമായും സംസാരിച്ചു. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനം കേസ് നല്‍കിയതിനാല്‍ ഇദ്ദേഹം മത്‌ലൂബ് ആണെന്നും കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ മോചനം സാധ്യമാവൂവെന്നും പോലീസ് അറിയിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. എന്താണ് കേസ് എന്നത് ഇപ്പോഴും കൃത്യമല്ല. ഇദ്ദേഹത്തിന്റെ ബാഗേജുകള്‍ ഭാര്യയെ പോലീസ് ഏല്‍പിച്ചു. ഇന്ന് അല്‍ഹസ പോലീസില്‍ ഹാജരാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. പ്രിന്‍സിയും സാമൂഹിക പ്രവര്‍ത്തകരും അല്‍ഹസയിലേക്ക് പോകുന്നുണ്ട്.
2016 ലാണ് ഇദ്ദേഹം ദമാമിലെ കമ്പനിയില്‍ നിന്ന് എക്‌സിറ്റില്‍ പോയത്. അന്ന് ശമ്പള പ്രശ്‌നത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. നാലു പ്രാവശ്യം നടന്ന സിറ്റിംഗിലും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സ്‌പോണ്‍സര്‍ ലേബര്‍ ഓഫീസില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് ലേബര്‍ ഓഫീസ് നല്‍കിയ ഫൈനല്‍ എക്‌സിറ്റില്‍ ഇദ്ദേഹം നാട്ടില്‍ പോയി. ഇപ്പോഴാണ് പുതിയ വിസയില്‍ എത്തുന്നത്. ഇദ്ദേഹം പോയതിന് ശേഷം സ്‌പോണ്‍സര്‍ നല്‍കിയ കേസ് ആയിരിക്കും അറസ്റ്റിന് വഴിയൊരുക്കിയതെന്നാണ് സൂചന.