റിയാദ് - മൂന്നു മെഡിക്കൽ മേഖലകളിൽ സൗദിവൽക്കരണത്തിന് പദ്ധതിയുള്ളതായി സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് സെക്രട്ടറി ജനറൽ ഡോ. അയ്മൻ അബ്ദു വെളിപ്പെടുത്തി. മെഡിക്കൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, ലാബ് ടെസ്റ്റുകൾക്കു വേണ്ടിയുള്ള രക്ത ശേഖരണം എന്നീ മൂന്നു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ ഏഴു ബാച്ച് പരിശീലന കോഴ്‌സുകൾ പൂർത്തിയാക്കുന്നതോടെ സൗദിവൽക്കരണം 95 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹെൽത്ത് സ്‌പെഷ്യാൽലിറ്റീസ് കോഴ്‌സുകളിൽ പരിശീലനം പൂർത്തിയാക്കിയ സൗദി വനിതകളുടെ രണ്ടാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 ലേറെ വനിതകളാണ് രണ്ടാമത് ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. കമ്മീഷൻ നടപ്പാക്കുന്ന കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വെല്ലുവിളികളൊന്നും നേരിടുന്നില്ല. തൊഴിൽ വിപണിക്ക് ആവശ്യമായ ബിരുദധാരികളെയാണ് കമ്മീഷൻ വാർത്തെടുക്കുന്നത്.
സ്വകാര്യ മേഖലയുടെ മേൽ കമ്മീഷൻ സൗദിവൽക്കരണം അടിച്ചേൽപിക്കുന്നില്ല. പകരം യോഗ്യരായ ഉദ്യോഗാർഥികളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തൊഴിലവലസരങ്ങൾ ലഭ്യമായതിനാൽ സൗദിവൽക്കരണ ശ്രമങ്ങളുമായി സ്വകാര്യ മേഖല വലിയ തോതിൽ സഹകരിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റെറിലൈസേഷൻ മേഖലയിൽ ആശുപത്രികൾക്ക് നാലായിരം ബിരുദധാരികളെ ആവശ്യമാണ്. ഏഴു ബാച്ച് പരിശീലന കോഴ്‌സിലൂടെ ഇത്രയും മെഡിക്കൽ സ്റ്റെറിലൈസേഷൻ വിദഗ്ധരെ കമ്മീഷൻ ലഭ്യമാക്കും. ഈ മേഖലയിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കിയേക്കില്ല. എന്നാൽ വൻകിട നഗരങ്ങളിലെ ആശുപത്രികളിലെ മെഡിക്കൽ സ്റ്റെറിലൈസേഷൻ തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിലൂടെ ഈ മേഖലയിൽ 90 ശതമാനം വരെ സൗദിവൽക്കരണം നടപ്പാക്കാൻ കഴിയും.
മെഡിക്കൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, ലാബ് ടെസ്റ്റുകൾക്കു വേണ്ടിയുള്ള രക്ത ശേഖരണം എന്നീ മേഖലകളിൽ 90 മുതൽ 95 ശതമാനം വരെ സൗദിവൽക്കരണമാണ് ലക്ഷ്യമിടുന്നത്. സൗദി വനിതകൾക്ക് അനുയോജ്യമായ തൊഴിലുകളാണിവ. ഈ തൊഴിലുകൾ സ്വീകരിക്കുന്നതിന് സൗദി വനിതകൾ ആഗ്രഹിക്കുന്നുമുണ്ട്. ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് രാത്രി ഡ്യൂട്ടി ചെയ്യേണ്ടതില്ല. കൂടാതെ ഈ മേഖലകളിൽ അപകട സാധ്യതകളും കുറവാണ്. ഏഴു ബാച്ച് പരിശീലന കോഴ്‌സുകളിലൂടെ ഈ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് ശ്രമമെന്നും ഡോ. അയ്മൻ അബ്ദു പറഞ്ഞു. ഒരു വർഷത്തിൽ രണ്ടു ബാച്ച് പരിശീലന കോഴ്‌സുകളാണ് കമ്മീഷൻ നടത്തുന്നത്.
മെഡിക്കൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, ലാബ് ടെസ്റ്റുകൾക്കു വേണ്ടിയുള്ള രക്ത ശേഖരണം എന്നീ മേഖലകളിൽ പരിശീലന കോഴ്‌സുകൾ പൂർത്തിയാക്കുന്ന സൗദി വനിതകൾക്ക് തൊഴിൽ നൽകുന്ന ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും മാനവ ശേഷി വികസന നിധിയുടെ ധനസഹായ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമെന്ന് നിധി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽസുദൈരി പറഞ്ഞു. സയൻസ് കോളേജുകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന സൗദി യുവതികളെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് മാനവശേഷി വികസന നിധി ധനസഹായം നൽകുന്നുണ്ട്. ബയോളജി, കെമിസ്ട്രി, മൈക്രോബയോളജി എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയ സൗദി യുവതികളെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റുന്നതിന് അനുയോജ്യമായ കോഴ്‌സുകൾ എന്നോണമാണ് മെഡിക്കൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, ലാബ് ടെസ്റ്റുകൾക്കു വേണ്ടിയുള്ള രക്ത ശേഖരണം എന്നിവ നിർണയിച്ചത്. ഈ കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് ഇതിനകം 1127 വനിതകൾക്കാണ് പ്രവേശനം നൽകിയത്. ഇക്കൂട്ടത്തിൽ 1075 പേർ പരിശീലനം പൂർത്തിയാക്കിയതായും ഡോ. മുഹമ്മദ് അൽസുദൈരി പറഞ്ഞു.