കൊച്ചി- അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തുവെന്നും തനിക്കു പറയാനുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും നടന്‍ ദിലീപ് പറഞ്ഞു. സത്യം പുറത്തുവരേണ്ടത് തന്‍റെ കൂടി ആവശ്യമാണ്. തികഞ്ഞ ആത്മവിശ്വാസമുണ്ട്- ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപ് പറഞ്ഞു.
ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മാനേജര്‍ അപ്പുണ്ണി എന്നിവരേയുമാണ് ചോദ്യം ചെയ്തത്. അതേസമയം, താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കലാണ് നടന്നതെന്ന് ദിലീപ് പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അര്‍ധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളില്‍ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുമ്പ് ദിലീപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്.