കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് അവസരം ലഭിച്ച പ്രവാസികൾക്ക് ആദ്യ വിമാനങ്ങളിൽ അവസരം ലഭിച്ചില്ലെന്ന് ആക്ഷേപം. ആയിരത്തിലേറെ പ്രവാസികൾക്കാണ് ഈ വർഷം ഹജിന് അവസരം ലഭിച്ചത്. ഇവരിൽ സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് അവധി പ്രശ്‌നമില്ല. എന്നാൽ ചുരുങ്ങിയ അവധിയുളളവരാണ് പ്രയാസത്തിലാകുന്നത്.
പതിവ് അവധിക്ക് പുറമെ 12 ദിവസമാണ് ഹജിന് വേണ്ടി അധിക അവധി അനുവദിക്കുന്നത്. പാസ്‌പോർട്ട് അവസാനം നൽകാൻ ഇവർക്ക് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ആദ്യ ദിവസങ്ങളിലെ വിമാനങ്ങളിൽ പോയാൽ മാത്രമെ ഇവർക്ക് ആദ്യ ഘട്ടത്തിൽ തന്നെ മടങ്ങിയെത്താൻ പറ്റൂ. എന്നാൽ അവസാന വിമാനത്തിൽ പോകാൻ നിർദേശം ലഭിച്ച പ്രവാസികൾ വരെയുണ്ട്. ഇവരുടെ മടക്കവും അവസാന ദിവസങ്ങളിലായിരിക്കും.
പ്രായമായ രക്ഷിതാക്കളുടെ കൂടെ മഹ്‌റമായി പോകുന്നവരാണ് മിക്ക പ്രവാസികളും. ഇവർക്ക് നാട്ടിലെത്തി വിദേശത്തേക്ക് മടങ്ങുകയല്ലാതെ രക്ഷയുമില്ല. ആദ്യ ദിവസങ്ങളിൽ യാത്ര വേണമെന്ന് അപേക്ഷിച്ച പ്രവാസികൾക്ക് പലർക്കും അവസാന വിമാനങ്ങളിലാണ് യാത്ര തരപ്പെട്ടതെന്ന് ഇവർ പറയുന്നു. 13-ാം തീയതിക്കകം ഹജിന് പോകാനായില്ലെങ്കിൽ നിലവിലെ അവധി കഴിയുമെന്ന് ദുബായിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശി പറഞ്ഞു.