- വ്യത്യസ്ത അളവിലുള്ള സംസം ബോട്ടിലുകൾ ഇറക്കും
മക്ക- ഏറെ കാലം സംസം വിതരണത്തിന് നേതൃത്വം നൽകിയ യുനൈറ്റഡ് സമാസിമ ഓഫീസ് ജോയന്റ് സ്റ്റോക്ക് കമ്പനിയായി മാറുന്നു. വിഷൻ 2030 ന്റെ ഭാഗമായ ഈ ചുവടുവെപ്പിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഓഫീസ് മേധാവി അബ്ദുൽ ഹാദി ബിൻ അബ്ദുൽ ജലീൽ സംസമി ഒപ്പുവെച്ചു.
മക്കയിൽ ഓഫീസിന്റെ ഉടമസ്ഥതയിലെ പതിനായിരം ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന സംസം ബോട്ടിലിംഗ് പ്ലാന്റിൽ വിവിധ വലിപ്പത്തിലുള്ള ബോട്ടിലുകൾ ഉൽപാദിപ്പിക്കുമെന്ന് ഓഫീസ് വക്താവ് അമീറു ബിൻ ഫൈസൽ ഉബൈദ് അറിയിച്ചു. മണിക്കൂറിൽ 2000 ബോട്ടിൽ ശേഷിയുള്ള 20 ലിറ്റർ ബോട്ടിലുകൾ നിർമിക്കാനും വെള്ളം നിറക്കാനും കഴിയുന്ന രണ്ട് തരം ഉൽപാദന ലൈനുകൾ ഫാക്ടറിയിലുണ്ട്. അതോടൊപ്പം ഈ വർഷം മണിക്കൂറിൽ 10,800 ബോട്ടിൽ ശേഷിയുള്ള 200, 330, 600 മില്ലിലിറ്റർ, ഒന്നര ലിറ്റർ എന്നിങ്ങനെ ബോട്ടിലുകൾ നിർമിക്കാനുള്ള ഉൽപദാന ലൈനും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ഗോഡൗൺ, സർവീസ് സെന്റർ, ലബോറട്ടറി എന്നിവയും ഫാക്ടറി സമുച്ചയത്തിലുണ്ടെന്നും എല്ലാ ദിവസവും മക്കയിൽ ഹാജിമാരുടെ താമസസ്ഥലത്ത് സംസം വിതരണം ഓഫീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയായി മാറ്റുന്നതിന്റെ ഭാഗമായി റൗനക് അൽ ഹിക്മ കമ്പനി, മക്തബ് നാജി ലോ ഫേം എന്നീ സ്ഥാപനങ്ങളുമായും യുനൈറ്റഡ് സമാസിമ ഓഫീസ് കരാറുകളിൽ ഒപ്പുവെച്ചു.